ഷിരൂരിൽ അടുത്ത 3 ദിവസത്തേക്ക് ഓറഞ്ച് അലർട്ട്; അർജുൻ ദൗത്യം ഇനിയും നീളും; രാത്രിയിൽ ഡ്രോൺ പരിശോധന നടന്നില്ല
നിലവിലെ സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് ഗംഗാവലി നദിയിൽ ഇറങ്ങാൻ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. അതേ സമയം ക്യാബിനോ ട്രക്കിന്റെ സ്ഥാനമോ ഇതുവരെ കൃത്യമായി നിർണ്ണയിക്കാനും സാധിച്ചിട്ടില്ല.
ബെംഗളൂരു: ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള പത്ത് ദിവസം പിന്നിടുമ്പോൾ ഇന്നത്തെ തെരച്ചിലും നിരാശാജനകം. അർജുൻ ദൗത്യം ഇനിയും ദിവസങ്ങൾ നീണ്ടേക്കുമെന്നാണ് സൂചന പുറത്തു വരുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷിരൂർ ഉൾപ്പെട്ട ഉത്തര കന്നഡിയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഗംഗാവലി നദിയിൽ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. ദൗത്യത്തിന് തുടക്കം മുതൽ പ്രതിസന്ധി സൃഷ്ടിച്ച് കനത്ത മഴയാണ് പെയ്യുന്നത്.
മഴയായതിനാൽ ഇന്ന് രാത്രിയിൽ ഡ്രോൺ പരിശോധന നടന്നില്ല. നിലവിലെ സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് ഗംഗാവലി നദിയിൽ ഇറങ്ങാൻ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. അതേ സമയം ക്യാബിനോ ട്രക്കിന്റെ സ്ഥാനമോ ഇതുവരെ കൃത്യമായി നിർണ്ണയിക്കാനും സാധിച്ചിട്ടില്ല. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയല്ലാതെ മറ്റ് ബദൽ മാർഗങ്ങളൊന്നും മുന്നിലില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗംഗാവലി നദി കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. കനത്ത മഴയെ തുടർന്ന് നദിക്കടിയിലുള്ള തെരച്ചിൽ ഇന്നും കാര്യമായി നടന്നില്ല. ഇന്ന് ഐബോർഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഡ്രോൺ പറത്തി ട്രക്ക് എവിടെയാണുള്ളതെന്ന് കൃത്യമായി ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. അത് റോഡിൽ നിന്നും 60 മീറ്റർ ദൂരം പുഴയിലാണുള്ളതെന്ന് കണ്ടെത്തി. പുഴയിലേക്ക് 5 മീറ്റർ താഴ്ചയിലാണ് ലോറിയുള്ളത്. ക്യാബിനും ലോറിയും തമ്മിൽ വേർപെട്ടിട്ടില്ല എന്നും സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മഴ മാറിനിൽക്കാൻ സാധ്യതയില്ല. കാലാവസ്ഥ പ്രതികൂലമായാൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വീണ്ടും അനിശ്ചിതത്വം തുടരും.
സേനകൾക്ക് സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നാണ് ഐ ബോഡ് സിഗ്നലും ലഭിച്ചിരിക്കുന്നത്. എന്നാൽ ലോറിയുടെ ഉള്ളിൽ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും മേജർ ഇന്ദ്രബാലൻ അറിയിച്ചു. അതേ സമയം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗം ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ടാങ്കർ ഡ്രൈവർ ശരവണന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് കാർവാർ എംഎൽഎ അറിയിച്ചു.