പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 1000 ബാർ അനുവദിച്ചവർ ഒരു പുതിയ സീറ്റുപോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ
എട്ട് വർഷം കൊണ്ട് 1000 ബാർ അനുവദിച്ച സർക്കാർ ഒരു പുതിയ പ്ലസ് വൺ സീറ്റ് പോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിച്ചു.
തിരുവനന്തപുരം: മലബാര്‍ മേഖലകളിലെ ജില്ലകളില്‍ പ്ളസ് വണ്‍ സീറ്റിന്‍റെ കുറവ് മൂലം, എസ്എസ്എല്‍എസി പാസായ പതിനായിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചയര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. സർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. 8 വർഷം കൊണ്ട് 1000 ബാർ അനുവദിച്ച സർക്കാർ ഒരു പുതിയ പ്ലസ് വൺ സീറ്റ് പോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് പ്രതിസന്ധി ഇല്ലെന്ന് മന്ത്രി വി ശിവൻ കുട്ടി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി. 4,33,471 പ്ലസ് വൺ സീറ്റുകൾ സർക്കാർ എയ്ഡഡ് മേഖലയിൽ ഉണ്ട്. കോഴിക്കോട് ജില്ലയിൽ 8248 സീറ്റുകൾ ഇത്തവണ മിച്ചം ഉണ്ടാകും. പാലക്കാട് 2266 സീറ്റ് മിച്ചം ഉണ്ടാകും .മലപ്പുറം ജില്ലയില്‍ ആകെ അപേക്ഷ 74740.മലപ്പുറത്തു ആവശ്യത്തിന് പ്ലസ് വൺ സീറ്റ് ലഭ്യമാമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അണ്‍ എയ്ഡഡ് സീറ്റുകളും, വിഎച്ച്എസ് സി, പോളി ടെക്നിക് സീറ്റുകൾ അടക്കം ചേർത്താണ് സീറ്റ് ഉണ്ടെന്ന വാദം മന്ത്രി ഉയർത്തുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന എന്‍.ഷംസുദ്ദീന്‍ എംഎൽഎ ആരോപിച്ചു.
മലപ്പുറത്ത് 80250 സീറ്റുകൾ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് കള്ളമാണ്. മന്ത്രി പറഞ്ഞ കണക്ക് ശരിയല്ല. ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും ആദ്യ അലോട്മെന്‍റില്‍ സീറ്റ് കിട്ടിയില്ല. തുടക്കം മുതൽ മലബാറിൽ സീറ്റ് കുറച്ച് അനുവദിച്ചു. കഴിഞ്ഞ എട്ട് വർഷം ഒറ്റ പുതിയ പ്ലസ് വൺ ബാച്ച് മലബാറിൽ അനുവദിച്ചില്ല. 8 വർഷം കൊണ്ട് 1000 ബാർ അനുവദിച്ച സർക്കാർ ഒരു പുതിയ പ്ലസ് വൺ സീറ്റ് പോലും അനുവദിച്ചില്ല. താത്കാലിക ബാച്ച് അല്ല പരിഹാരം. സ്ഥിരം ബാച്ച് നൽകണം.മലബാറിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടിക്ക് ആഗ്രഹിക്കുന്ന സീറ്റ് കിട്ടില്ല. പത്തനംതിട്ടയിൽ പാസായ കുട്ടിക്ക് സയൻസ് ഗ്രൂപ്പ് കിട്ടുമെന്നും എംഎൽ എ ആരോപിച്ചു. എന്നാൽ വീടിനടുത്ത് പ്ലസ് വൺ സീറ്റ് കിട്ടണം എങ്കിൽ ഷംസുദീൻ മന്ത്രി ആയാലും നടക്കില്ലെന്ന് ശിവൻകുട്ടി തിരിച്ചടിച്ചു. പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് തുടങ്ങും മുമ്പ് പ്രതിപക്ഷം സമരം തുടങ്ങിയെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
സർക്കാരിന്‍റെ ആദ്യ പരിഗണനയിൽ പോലും വിദ്യാഭ്യാസ മേഖല ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. മലബാര്‍ ഒഴികെ ഉള്ള ജില്ലകളിൽ ആദ്യ അലോട്മെന്‍റിനു ശേഷം 5000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഒഴിവുള്ള ജില്ലകളിൽ വീണ്ടും സീറ്റ് കൂട്ടി. പൊതു വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. കുട്ടികൾ വരാത്തത് ഗുണമേന്മ കുറഞ്ഞത് കൊണ്ടാണ്. ഇതൊന്നും ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ എന്ത് വിഷയം ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.