'അൻവർ മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ, മുഖ്യമന്ത്രി അറിയാതെ ആരോപണം വരില്ല'; സിബിഐ അന്വേഷിക്കണമെന്നും വിഡി സതീശൻ

രണ്ട് കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ് അൻവർ. മുഖ്യമന്ത്രി അറിയാതെ ഈ ആരോപണവും വരില്ലെന്നും വിഡി സതീശൻ പറഞ്ഞു. 

Opposition leader VD Satheesan wants CBI to investigate allegations against ADGP

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും നാണം കെട്ട ആരോപണങ്ങളാണ് കേൾക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. രണ്ട് കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ് അൻവർ. മുഖ്യമന്ത്രി അറിയാതെ ഈ ആരോപണവും വരില്ലെന്നും വിഡി സതീശൻ പറഞ്ഞു. 

 

അതേസമയം, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബൽറാം കുമാറിനോ നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. സീനിയർ ഡിജിപിയാണ് കെ പത്മകുമാർ. 

പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ എംആർ അജിത് കുമാറിനെ കൈവിടുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിലെ ഉന്നതർക്കെതിരെയും പി ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്. 

അതിനിടെ, അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പിവി അൻവർ എംഎൽഎ രംഗത്തെത്തി. എംആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നതെന്ന് പിവി അൻവർ ആരോപിച്ചു. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പിവി അൻവർ ചോദിക്കുന്നു.

എടവണ്ണക്കേസിൽ നിരപരാധിയെ എംആർ അജിത്ത് കുമാര്‍ കുടുക്കിയെന്നും അന്‍വര്‍ ആരോപിക്കുന്നു. എടവണ്ണ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഷാൻ ഒരിക്കലും ഭർത്താവിനെ കൊല്ലില്ലെന്നാണ് എന്നാണ് മരിച്ച റിദാന്റെ ഭാര്യ തന്നോട് പറഞ്ഞത്. കേസിൽ കള്ളമൊഴി നൽകാൻ ഭാര്യക്കുമേൽ പൊലീസ് വലിയതോതിൽ സമ്മർദം ചെലുത്തി. ക്രൂരമായി മർദ്ദിച്ചു. അവർ വഴങ്ങിയില്ല. മരിച്ച റിദാൻ്റെ  രണ്ട് ഫോണും കണ്ടെത്താനായിട്ടില്ലെന്നും അന്‍വര്‍ പറയുന്നു. കെസി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അൻവർ ആരോപിക്കുന്നത്.

സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോയും പി വി അന്‍വര്‍ എംഎൽഎ പുറത്തുവിട്ടു. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നൽകി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു. 

അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. അജിത്ത് കുമാർ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങൾ നിലനിൽക്കുമെന്ന് പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

'പിണറായി മാഫിയ സംരക്ഷകന്‍', മുഖ്യമന്ത്രിയുടെ രാജി തേടി ഇന്ന് ജില്ലകള്‍ തോറും കോണ്‍ഗ്രസ് പ്രതിഷേധം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios