ഉമ്മൻചാണ്ടിക്ക് പിന്നാലെ കോട്ടയത്ത് കുടുംബത്തിൽ വീണ്ടും മരണം, പിതൃസഹോദരി അന്തരിച്ചു
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കെ കോട്ടയത്ത് കുടുംബത്തിൽ വീണ്ടും മരണം. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.
ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിലാണ് കേരളത്തിന്റെ ജനനായകനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്ത്യശ്വാസം വെടിഞ്ഞത്. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 53 വർഷം തുടർച്ചയായി പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹത്തിന്റെ മരണം കേരളം വേദനയോടെയാണ് കേട്ടത്. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ ഇന്ന് പൊതു അവധിയും രണ്ട് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു.