ജനമഹാസാഗരത്തിലൂടെ ഉമ്മൻചാണ്ടിയുടെ അന്ത്യയാത്ര... 24 മണിക്കൂർ കഴിഞ്ഞു, ചങ്ങനാശേരി പിന്നിട്ട് കോട്ടയത്തേക്ക്

രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തിൽ ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര

Oommen Chandy mourning journey passes changanasseri moving to Kottayam kgn

തിരുവനന്തപുരം: കരുതലും കരുണയും സ്നേഹവും കൊണ്ട് സ്വന്തം ജനതയെ നെഞ്ചോട് ചേർത്ത ഉമ്മൻചാണ്ടിയെ നെഞ്ചിലേറ്റി കടലായി മാറി ജനം. വിലാപയാത്ര 24 മണിക്കൂർ പിന്നിടുമ്പോൾ ചങ്ങനാശേരി പിന്നിട്ട് കോട്ടയം തിരുനക്കരയിലേക്കുള്ള യാത്രയിലാണ്. അതിനിടെ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഉടൻ കൊച്ചിയിലെത്തും. 

രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തിൽ ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര. കാരുണ്യത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും ആൾരൂപമായിരുന്നു ഉമ്മൻചാണ്ടിയെന്ന് സുഹൃത്തും സഹപാഠിയും സഹപ്രവർത്തകനുമായ കെസി ജോസഫ്  കോളേജ് പഠനകാലം മുതലുള്ള സൗഹൃദം ഓർത്തെടുത്ത് പറഞ്ഞു. എൻഎസ്എസുമായുള്ള ഉമ്മൻചാണ്ടിയുടെ ബന്ധം ഏറെ ദൃഢമായിരുന്നുവെന്ന് പെരുന്നയിൽ വച്ച് ജി സുകുമാരൻ നായർ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ദില്ലിയിൽ നിന്ന് യാത്ര പുറപ്പെട്ടു. രാവിലെ 7.30 ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന രാഹുൽ, സ്വകാര്യ ഹോട്ടലിൽ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പുതുപ്പള്ളിയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും.

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെ‍ർച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറികൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.
 

Latest Videos
Follow Us:
Download App:
  • android
  • ios