ഒറ്റ വരിയിലൊതുക്കുന്ന പ്രണയ ലേഖനങ്ങൾ; മറിയാമ്മയ്ക്കെഴുതിയ കത്തുകളെക്കുറിച്ച് ചെറുചിരിയോടെ ഉമ്മൻ ചാണ്ടി
കുടുംബമൊത്തുള്ള അഭിമുഖത്തിലായിരുന്നു പ്രണയ കാലത്തെക്കുറിച്ചുള്ള ചോദ്യമുയർന്നത്. ചോദ്യങ്ങൾക്കെല്ലാം ചെറുപുഞ്ചിരിയോടെയായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടിയും.
കോട്ടയം: രാഷ്ട്രീയത്തിൽ മുഴുകി ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയുമൊത്തുള്ള പ്രണയ വിശേഷങ്ങൾ ഭാര്യ മറിയാമ്മ കുറച്ചുകാലം മുമ്പ് പങ്കുവെച്ചിരുന്നു. കുടുംബമൊത്തുള്ള അഭിമുഖത്തിലായിരുന്നു പ്രണയ കാലത്തെക്കുറിച്ചുള്ള ചോദ്യമുയർന്നത്. ചോദ്യങ്ങൾക്കെല്ലാം ചെറുപുഞ്ചിരിയോടെയായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടിയും. കല്യാണം ഉറച്ച ശേഷമാണ് കത്തെഴുതുന്നതെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ പറഞ്ഞത്.1977ലാണ് ഉമ്മൻചാണ്ടിയും മറിയാമ്മയും വിവാഹിതരാവുന്നത്.
പ്രണയം തുടങ്ങിവെച്ചത് ഉമ്മൻചാണ്ടിയായിരുന്നു. തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാർത്ഥിക്കുമല്ലോ എന്നൊക്കെയാണ് അന്നൊക്കെ ഉമ്മൻചാണ്ടിയുടെ കത്തുകളിലുണ്ടായിരുന്നത്- മറിയാമ്മ പറയുന്നു. എന്നാൽ മറിയാമ്മ എഴുതിയിരുന്ന കത്തുകൾ കിട്ടിയിട്ടുണ്ടെന്ന് ചെറുപുഞ്ചിരിയോടെയാണ് ഉമ്മൻചാണ്ടി സമ്മതിച്ചത്. അയച്ച കത്തുകൾ കിട്ടിയെന്നാണ് പലപ്പോഴും മറുപടി നൽകിയതെന്നും ഒറ്റ വരിയിലുള്ള മറുപടികൾ മാത്രമാണ് അയച്ചിരുന്നതെന്നും അഭിമുഖത്തിൽ ഉമ്മൻചാണ്ടി പറയുന്നുണ്ട്. വീട്ടുകാർ വിവാഹം തീരുമാനിച്ച് ഉറപ്പിച്ചതിന് ശേഷമാണ് കത്തെഴുതിയിരുന്നത്. വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു അത്. അന്നെല്ലാം ഒറ്റ വരിയിലായിരുന്നു മറുപടിയെല്ലാം- ഉമ്മൻചാണ്ടി പറഞ്ഞുവെക്കുന്നു.
ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച ബംഗ്ലൂരുവിൽ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനെത്തിയത് നൂറുകണക്കിന് ആളുകളാണ്. പൊതുദർശനത്തിന് ശേഷം ബംഗ്ലൂരുവിൽ നിന്നും ഭൗതിക ശരീരവും വഹിച്ചുള്ള എയർ ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് ഭൗതിക ശരീരം ആദ്യം കൊണ്ടുവരിക. ശേഷം ദർബാർ ഹാളിലേക്കും പിന്നീട് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഓർത്തഡോക്സ് ചർച്ചിലും കെപിസിസി ഓഫീസിലേക്കും എത്തിക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം.
https://www.youtube.com/watch?v=2Sv3uI4UQQQ