ജനം ജനം ജനപ്രവാഹം... വഴിനീളെ സ്നേഹം, കണ്ണീർ; ഉമ്മൻചാണ്ടിയെ ഒരുനോക്കുകാണാൻ തലസ്ഥാന ജനത, പുതുപ്പള്ളി ഹൗസിലേക്ക്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസിൻ്റെ യാത്ര ജനസാഗരത്തിൽ മുങ്ങിയായിരുന്നു
തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങൾ പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തുന്നു. ബെംഗളുരുവിൽ അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ ചേതനയറ്റ ശരീരം തലസ്ഥാനത്തെത്തിച്ചത് അറിഞ്ഞതോടെ പുതുപ്പള്ളി ഹൗസിലേക്കുള്ള ജനപ്രവാഹവും വർധിക്കുകയാണ്. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസിൻ്റെ യാത്രയും ജനസാഗരത്തിൽ മുങ്ങിയായിരുന്നു മുന്നോട്ട് നീങ്ങിയത്. വഴി നീളെ സ്നേഹവും കണ്ണീരുമായാണ് തലസ്ഥാന ജനത പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നത്.
'കോയമ്പത്തൂർ ജയിലിലെത്തി എന്നെ കണ്ട ഉമ്മൻചാണ്ടി', നീതിക്ക് വേണ്ടി നടത്തിയ ഇടപെടലുകൾ വിവരിച്ച് മഅദ്നി
നേരത്തെ നൂറ് കണക്കിന് പ്രവർത്തകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിച്ചത്. ഇവിടുത്തെ പ്രാർത്ഥനയ്ക്കും പൊതു ദർശനത്തിനും ശേഷം ഉമ്മൻചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലും പൊതു ദർശനത്തിനായി എത്തിക്കും. ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകും. രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം മാറ്റും. തുടർന്ന് നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും.
നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്കരിക്കുക. കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്ന ഉമ്മൻചാണ്ടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലാണ് അന്ത്യശ്വാസം വലിച്ചത്. അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു മരണം. 79 വയസായിരുന്നു.