ശബരിയുടെ ജാമ്യം സര്‍ക്കാരിനു തിരിച്ചടി, സര്‍ക്കാരിന്‍റെ ആയുധമായി മാറിയ പൊലീസിന് കനത്ത നാണക്കട്: ഉമ്മൻ ചാണ്ടി

'പൊലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകര്‍ക്കാന്‍ കഴിയില്ല'

oommen chandy against cm pinarayi on ks sabarinathan case

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എം എൽ എ ശബരിനാഥന് കോടതി ജാമ്യം അനുവദിച്ചത് സര്‍ക്കാരിനു തിരിച്ചടിയെന്നും പൊലീസിനു നാണക്കേടെന്നും മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് കെ എസ് ശബരിനാഥനെ ജയിലിടയ്ക്കാനുള്ള  ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. സര്‍ക്കാരിന്‍റെ ആയുധമായി മാറിയ പൊലീസിന് കനത്ത നാണക്കേടും. പൊലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകര്‍ക്കാന്‍ കഴിയില്ല. സര്‍ക്കാരിന്‍റെ ദുഷ്‌ചെയ്തികൾക്ക് എതിരേ കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പോരാടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

'ശബരീനാഥൻ നിരപരാധി, അറസ്റ്റ് കോടതിയെ പോലും തെറ്റിധരിപ്പിച്ച്' : സുധാകരൻ 

അതേസമയം ശബരീനാഥൻ നിരപരാധിയെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സത്യസന്ധമായ നടപടി അല്ലാത്തതിനാലാണ് ശബരീനാഥന്റെ അറസ്റ്റ് വിവാദമാകുന്നതെന്നും സുധാകരൻ വിശദീകരിച്ചു. ശബരിനാഥന്റെ അറസ്റ്റ് കോടതിയെ പോലും തെറ്റിധരിപ്പിച്ചാണ്. അറസ്റ്റിന് പിന്നിൽ പി ശശിയുടെ ഇടപെടലാണെന്ന ആരോപണമുയര്‍ത്തിയ സുധാകരൻ, ഇത്തരം  നടപടികളുടെ ആശാനാണ് ശശിയെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കളവ് പറയുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയുടെ നിലവാരം പുലർത്തണമെന്നും സുധാകരൻ പറഞ്ഞു. 

'ഇപി ജയരാജനെതിരെ കേസെടുക്കാത്തത് ശരിയല്ല. വിമാനത്തിനുള്ളിൽ ആക്രമിച്ചയാളിന്റെ പേരിൽ കേസില്ലെന്നത് വിരോധാഭാസമാണ്'. ഇപി ജയരാജൻ കയറാത്തതിനാൽ ഇൻഡിഗൊ കമ്പനി പൂട്ടാൻ പോകുകയാണെന്നും സുധാകരൻ പരിഹസിച്ചു. ''ഇൻഡിഗൊ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത് ഇ പി യും ഭാര്യയുമല്ലേ, എന്നും വിമാനത്തിൽ പോകുന്ന കുടുംബക്കാരാണല്ലോ  ഇപിയുടെത്. ടാറ്റയും ബിർളയുമാണല്ലോയെന്നും''  സുധാകരൻ പരിഹസിച്ചു. ഇൻഡിഗോ ബസ് പിടിച്ചിട്ടത് അൽപത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണിതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ശബരീനാഥന്റെ ജാമ്യം: പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്

അതേസമയം ശബരീനാഥന് ജാമ്യം അനുവദിച്ച കോടതി നടപടി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും കിട്ടിയ കനത്ത തിരിച്ചടിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ശബരീനാഥനെ ജയിലിൽ അടയ്ക്കാൻ നടത്തിയ ഗൂഢാലോചന തകർന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ ഗൂഢാലോചനയുടെ കേന്ദ്രം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാരശക്തി പ്രവർത്തിക്കുകയാണ്.  ഈ ശക്തികൾ തൊടുന്നതെല്ലാം തിരിച്ചടിക്കുകയാണ് അമിതാധികാര ശക്തി ആരെന്ന് പറഞ്ഞ് വലിയ ആളാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും സതീശൻ പറഞ്ഞു. 

വിമാനത്താവളത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തെറ്റൊന്നും സംഭവിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അത്തരത്തിൽ ആലോചന നടത്തിയാൽ എന്താണ് കുഴപ്പം. ഭീകര പ്രവർത്തനം ഒന്നുമല്ലല്ലോ ചെയ്തത്. സമരത്തിനായി കൂടിയാലോചനകൾ നടത്തിയല്ലേ പോകുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഇങ്ങനെ ആലോചിച്ചിട്ടല്ലേ എന്നും സതീശൻ ചോദിച്ചു. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ എന്താണ് വത്യാസമെന്നും സതീശൻ ചോദിച്ചു. മുണ്ടുടുത്ത മോദി എന്ന പരാമർശത്തിന് അടിവരയിടുന്നതാണ് ഇൻഡിഗോ ബസിനെതിരായ നടപടി. വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നാടകീയ അറസ്റ്റ്, രാഷ്ട്രീയപ്പോര്; സർക്കാറിന് തിരിച്ചടിയായി ഒടുവിൽ ശബരിനാഥന്റെ ജാമ്യം

Latest Videos
Follow Us:
Download App:
  • android
  • ios