കൊവിഡ് പ്രതിരോധത്തിന് സ്വകാര്യമേഖലയെയും അടിയന്തരമായി സജ്ജമാക്കണമെന്ന് ഉമ്മൻ ചാണ്ടി

സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ 60 ശതമാനം പങ്കുവഹിക്കുന്നത് സ്വകാര്യമേഖലയാണ്. അവരെക്കൂടി കൊവിഡ് പ്രതിരോധത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതു സര്‍ക്കാര്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും.

oommen chandi suggests private health sector also be be a part of covid resistence

തിരുവനന്തപുരം:  കേരളത്തില്‍  കൊവിഡ് 19 സമൂഹവ്യാപനം ഉണ്ടാകുകയും 50ലധികം ആരോഗ്യപ്രവര്‍ത്തകര്‍ രോ​ഗബാധിതരാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സ്വകാര്യമേഖലയെക്കൂടി കൊവിഡ് പ്രതിരോധത്തിനായി അടിയന്തരമായി രംഗത്തിറക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ 60 ശതമാനം പങ്കുവഹിക്കുന്നത് സ്വകാര്യമേഖലയാണ്. അവരെക്കൂടി കൊവിഡ് പ്രതിരോധത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതു സര്‍ക്കാര്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. സർക്കാർ ആശുപത്രികൾക്കു മേലുള്ള അമിത സമ്മര്‍ദ്ദം കുറയുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് ചികിത്സയ്ക്ക് അനുമതി നല്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച വ്യക്തമായ മാര്‍ഗനിർദ്ദേശം വേണമെന്നതാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം. ആറുമാസത്തിലേറയായി കൊവിഡിനോട് പോരാടുന്നത് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് രോഗബാധിതരായത്. ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലുമൊക്കെ സമാനമായ സ്ഥിതിവിശേഷമുണ്ട്.

ലോക്ഡൗണ്‍ കാലത്ത് ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ നിലവിലുള്ള കിടക്കകളുടെ എണ്ണം വൈകാതെ തികയാതെ വരും. ഇപ്പോള്‍ തന്നെ പലയിടത്തും രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനു കാലതാമസം ഉണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഐ കിറ്റ്, എന്‍1 മാസ്‌ക് തുടങ്ങിയവ ലഭ്യമല്ലെന്നും പരാതി ഉണ്ട്. ആരോഗ്യപ്രവര്‍ത്തകരെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സാലറി ചലഞ്ചില്‍ നിന്ന് അവരെ ഒഴിവാക്കുക, അവര്‍ക്ക് റിസ്‌ക് അലവന്‍സ് നല്കുക തുടങ്ങിയ കാര്യങ്ങള്‍  സര്‍ക്കാര്‍ പരിഗണിക്കണം.

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതുമൂലം പരിശോധനാഫലം ലഭിക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടാകുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് 5 ദിവസത്തിനുശേഷമാണ് ഫലം ലഭിക്കുന്നത്. മറ്റു ചില സ്ഥലങ്ങളില്‍ 10 ദിവസം വരെ വൈകുന്നു. ഇതു സമൂഹവ്യാപനത്തിനു വഴിയൊരുക്കുകയാണ്. ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം നിലവിലുള്ളവയുടെ ശേഷിയും വര്‍ധിപ്പിക്കണം. വിലകുറഞ്ഞതും കാര്യക്ഷമവുമായ ആന്റിജന്‍ കിറ്റുകള്‍ വ്യാപകമായി  ലഭ്യമാക്കണം.

കൊവിഡും കടല്‍ക്ഷോഭവും ഒരുപോലെ തീരദേശവാസികളെ കടന്നാക്രമിക്കുകയാണ്. അവരെ സഹായിക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകണം. സമൂഹവ്യാപന സൂചനകളെക്കുറിച്ച് പഠിക്കാന്‍ ജൂണ്‍ 9ന് എല്ലാ ജില്ലകളിലും നടത്തിയ ആന്റിബോഡി പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതെക്കുറിച്ച് പലതരം പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിജസ്ഥിതി വെളിപ്പെടുത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


 

Latest Videos
Follow Us:
Download App:
  • android
  • ios