കൊച്ചിയിലെ ഗിന്നസ് പരിപാടിയിൽ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാർ; മെട്രോ 50 ശതമാനം യാത്രാ ഇളവ് നൽകി

സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകുമെന്നും അതുകൊണ്ട് കൂടുതൽ പൊലീസുകാർ വേണ്ടെന്നുമാണ് സംഘാടകർ പൊലീസിനെ അറിയിച്ചത്. 

Only 25 policemen were there to control 25000 people in controversial Guinness record attempt event in kochi

കൊച്ചി: കൊച്ചിയിൽ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ വിവാദ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് 25 പൊലീസുകാർ. പരിപാടിക്കായി 25 പൊലീസുകാർ മതിയെന്നാണ് സംഘാടകരായ മൃദംഗ വിഷൻ പൊലീസിനെ അറിയിച്ചത്. 25 പേർക്കായി പൊലീസിൽ നിയമപ്രകാരമുള്ള പണവും അടച്ചിരുന്നു. 150ഓളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ പൊലീസുകാർക്ക് പുറമെ പരിപാടിക്ക് ഉണ്ടാവുമെന്നും അതുകൊണ്ടു തന്നെ കൂടുതൽ പൊലീസുകാർ വേണ്ടെന്നും സംഘാടകർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

 ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന പരിപാടിക്ക് കൊച്ചി മെട്രോ യാത്രാ ഇളവ് അനുവദിക്കുകയും ചെയ്തു. നർത്തകർക്ക് സ്റ്റേഡിയത്തിലേക്ക് പോകാനും വരാനും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവാണ് അനുവദിച്ചത്. സംഘാടകരായ മൃദംഗ വിഷൻ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൊച്ചി മെട്രോയുടെ ഇളവ്. പരിപാടിക്ക് പൂർണമായും സൗജന്യ യാത്ര അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നെങ്കിലും 50 ശതമാനം ഇളവാണ് അനുവദിക്കപ്പെട്ടത്. 

അതേസമയം കൂടുതൽ യാത്രക്കാർ മെട്രോയിൽ കയറട്ടെ എന്നു കരുതിയാണ് യാത്രാ ടിക്കറ്റിൽ ഇളവ് അനുവദിച്ചതെന്ന് കൊച്ചി മെട്രോ വിശദീകരിച്ചു. കലൂർ സ്റ്റേഡിയത്തിൽ പരിപാടികൾ നടക്കുമ്പോൾ സംഘാടകർ ആവശ്യപ്പെട്ടാൽ ഇത്തരം ഇളവുകൾ അനുവദിക്കാറുണ്ടെന്നും അതല്ലാതെ കൊച്ചി മെട്രോയ്ക്ക് ഈ പരിപാടിയുടെ സംഘാടകരുമായി സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്നും മെട്രോ അധികൃതർ വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios