അഭിമന്യുവിന്റെ മൃതദേഹം സംസ്കരിച്ചു; വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സജയ്‌ജിത്ത് കീഴടങ്ങിയത്
കായംകുളം: അഭിമന്യു വധക്കേസിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. വള്ളികുന്നം സ്വദേശി വിഷ്ണുവിനെ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി സജയ്‌ജിത്ത് രാവിലെ കീഴടങ്ങിയിരുന്നു. അതിനിടെ അഭിമന്യുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സജയ്‌ജിത്ത് കീഴടങ്ങിയത്. സജയ്ജിത്തിനും വിഷ്ണുവിനും പുറമെ മൂന്ന് പേർ കൂടി കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്നാണ് സൂചന. മുഖ്യപ്രതി സജയ് ജിത്ത് ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് നിഗമനം. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി കേസില്‍ നിർണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, ആർഎസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്‍റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള പൊലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.