സിപിഎം കോട്ട, ഉമ്മന്‍ ചാണ്ടി പിടിച്ചെടുത്തു, അഞ്ചര പതിറ്റാണ്ട് കുത്തക; പുതുപ്പള്ളിയില്‍ വീണ്ടും ട്വിസ്റ്റോ?
കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി
കോട്ടയം: പുതുപ്പള്ളി എന്ന് കേട്ടാല്‍ രാഷ്‌ട്രീയ കേരളത്തിന് ഉമ്മന്‍ ചാണ്ടിയാണ്. പുതുപ്പള്ളിയില്‍ യുവ നേതാവായി തുടങ്ങി മുഖ്യമന്ത്രിപദം വരെയെത്തിയ 'കുഞ്ഞൂഞ്ഞ്' തന്‍റേതാക്കി മാറ്റിയ മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടിക്ക് ശേഷമുള്ള പുതുപ്പള്ളിയുടെ വരുംകാല ചരിത്രം എന്താകുമെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന സെപ്റ്റംബര്‍ എട്ടാം തിയതി അറിയാം. ഉമ്മന്‍ ചാണ്ടിക്ക് മുമ്പും പുതുപ്പള്ളിക്ക് ഏറെ രാഷ്‌ട്രീയ ചരിത്രം പറയാനുണ്ടെന്നത് വിസ്‌മരിക്കാനാവില്ല. ആദ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും പിന്നീട് സിപിഎമ്മിന്‍റേയും മണ്ഡലമായിരുന്ന ഇവിടെ ഉമ്മന്‍ ചാണ്ടിയിലൂടേയാണ് 1970 മുതല്‍ കോട്ടംതട്ടാത്ത കോണ്‍ഗ്രസ് കോട്ടയായത്.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പി സി ചെറിയാനും സിപിഐയുടെ ഇ എം ജോര്‍ജുമായിരുന്നു മുഖാമുഖം വന്നത്. ജയിച്ച് പി സി ചെറിയാന്‍ പുതുപ്പള്ളിയുടെ ആദ്യ എംഎല്‍എയായി. 1960ല്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പി സി ചെറിയാനിലൂടെ ഇവിടെ ജയം നിലനിര്‍ത്തി. സിപിഐ സ്ഥാനാര്‍ഥി എം തോമസ് പരാജയപ്പെട്ടു. 1965ലും 67ലും സിപിഎമ്മിനായി കളത്തിലിറങ്ങിയ ഇ എം ജോര്‍ജ് ജയിക്കുന്നതാണ് പുതുപ്പള്ളി കണ്ടത്. അറുപത്തിയഞ്ചില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ തോമസ് രാജന് തോല്‍വി സമ്മതിക്കേണ്ടിവന്നു. ഇതോടെ മുന്‍ എംഎല്‍എ പി സി ചെറിയാനെ ഇറക്കി അറുപത്തിയേഴില്‍ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎമ്മിന്‍റെ ഇ എം ജോര്‍ജ് വിട്ടുകൊടുത്തില്ല.
പിന്നീട് പുതുപ്പള്ളി മണ്ഡലം 1970 മുതല്‍ 2021 വരെ കോണ്‍ഗ്രസിലേക്ക് ചാഞ്ഞു. ഉമ്മന്‍ ചാണ്ടി യുവ എംഎല്‍എ മുതല്‍ മുഖ്യമന്ത്രി വരെയായി. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 വട്ടം തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ 53 വര്‍ഷം തികച്ചു. എഴുപതില്‍ സിപിഎമ്മിന്‍റെ നിലവിലെ എംഎല്‍എയായിരുന്ന ഇ എം ജോര്‍ജിനെ 7288 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി കുതിപ്പ് തുടങ്ങിയത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ നിയമസഭാ സാമാജികനായി. തോമസ് രാജന്‍, വി എന്‍ വാസവന്‍, റെജി സക്കറിയ, ചെറിയാന്‍ ഫിലിപ്പ്, സിന്ധു ജോയ്, സുജ സൂസന്‍ ജോര്‍ജ്, ജെയ്‌ക് സി തോമസ് എന്നിവര്‍ ഉമ്മന്‍ ചാണ്ടിയോട് തോല്‍വി വഴങ്ങി. നിയമസഭാംഗമായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി ഇതിനിടെ രണ്ട് ടേമിലായി(2004-2006, 2011–2016) ഏഴ് വര്‍ഷം മുഖ്യമന്ത്രിപദത്തിലിരുന്നു. തൊഴിൽവകുപ്പ് മന്ത്രി(1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി(1982), ധനകാര്യവകുപ്പ് മന്ത്രി(1991–1994), 12-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്(2006–2011) എന്നീ നിലകളിലും പുതുപ്പള്ളിയുടെ എംഎല്‍എ പ്രവർത്തിച്ചു.
പുതുപ്പള്ളിയുടെ ഇതിഹാസ എംഎല്‍എ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥി അദേഹത്തിന്‍റെ മകന്‍ ചാണ്ടി ഉമ്മനാണ്. സിപിഎമ്മിന്‍റെ യുവ നേതാവ് ജെയ്‌ക് സി തോമസാണ് ശക്തമായ മത്സരവുമായി എതിര്‍രംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ലിജിൻ ലാലും തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നു. കഴിഞ്ഞ രണ്ട് തവണയും(2016, 2021) ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച് ജെയ്‌ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2021ല്‍ 9044 വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് നേടാനായത് എന്നത് ഇത്തവണ ജെയ്‌ക് സി തോമസിന് പ്രതീക്ഷ നല്‍കുന്നതായി സിപിഎം അണികള്‍ കരുതുന്നു. അതേസമയം ചാണ്ടി ഉമ്മനിലൂടെ വന്‍ ഭൂരിപക്ഷമാണ് യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നത്.
Read more: തെരഞ്ഞെടുപ്പ് ആവേശം കൂടിയിട്ടും പോളിംഗ് ശതമാനം കുറഞ്ഞ് പുതുപ്പള്ളി; ചങ്കിടിപ്പ് ഏത് മുന്നണിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം