'30 വർഷം തേയില തോട്ടത്തിൽ പണിയെടുത്ത് ഉണ്ടാക്കിയ വീട്, തകർന്നിട്ടും പേരില്ല': പുനരധിവാസ പട്ടികയ്ക്കെതിരെ പരാതി
വയനാട് ദുരന്തബാധിതരുടെ പട്ടികയിലുണ്ടായ പിഴവിന് കാരണം ഗുരുതര ഉദ്യോഗസ്ഥ വീഴ്ചയെന്ന് ചൂരൽമലയിലെ ദുരന്തബാധിതർ.
വയനാട്: വയനാട് ദുരന്തബാധിതരുടെ പട്ടികയിലുണ്ടായ പിഴവിന് കാരണം ഗുരുതര ഉദ്യോഗസ്ഥ വീഴ്ചയെന്ന് ചൂരൽമലയിലെ ദുരന്തബാധിതർ. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം തത്സമയം പരിപാടിയിലാണ് ദുരന്തബാധിതർ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്. അപാകതകളുള്ള പട്ടിക റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സർക്കാർ തങ്ങളെ കേൾക്കുന്നില്ല. ഉദ്യോഗസ്ഥർ ദുരിതബാധിതരെ കണ്ട് കാര്യങ്ങൾ അന്വേഷിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.
30 വര്‍ഷം തേയില എസ്റ്റേറ്റില്‍ ഉമ്മ കഷ്ടപ്പെട്ടുണ്ടായ 51 സെന്‍റ് സ്ഥലം ദുരന്തത്തില്‍ ഇല്ലാതായതിന്‍റെ സങ്കടം പങ്കുവെയ്ക്കുകയാണ് ചൂരല്‍മല സ്വദേശിയായ സുഹ്റ. വീടും ഭാഗികമായി തകര്‍ന്നു. ഇപ്പോള്‍ താമസിക്കുന്നത് മുണ്ടേരിയില്‍ ഒരു വാടക വീട്ടിലാണ്. വീട് താമസ യോഗ്യമല്ലെന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ട പട്ടികയില്‍ തങ്ങളുടെ പേരില്ലെന്ന് പറയുന്നു സുഹ്റ. നമ്മള് പറയുന്നത് കേള്‍ക്കുന്നില്ല സര്‍ക്കാര്‍. കേട്ടെങ്കിലല്ലേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. ഉമ്മ രോഗിയാണ്. രണ്ടാം ഘട്ടത്തിലെ പട്ടികയില്‍ പേരുണ്ടെന്ന് വിശ്വാസമില്ല.' സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഉരുൾപൊട്ടൽ പുനരധിവാസത്തിലെ ഗുണഭോക്താക്കളുടെ പട്ടികയെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. നിലവിലെ കരട് പട്ടിക പിൻവലിക്കാനും പുനരധിവാസം ഒറ്റ ഘട്ടമായി നടത്തണമെന്നും ഉള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ദുരന്തബാധിതർ. പിഴവുകൾ തിരുത്തുന്നതിന് ആയുള്ള ദുരന്തനിവാരണ അതോറിറ്റി യോഗം വയനാട് ജില്ല കളക്ടർ ഉടൻ വിളിച്ചേക്കും. പഞ്ചായത്ത് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക കൂടി ജില്ലാ ഭരണകൂടം പരിശോധിക്കും. മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 388 പേരുടെ ഗുണഭോക്താക്കളുടെ പട്ടികയിലാണ് വ്യാപകമായി പിഴവുകൾ വന്നത്.