'എന്റെ കൊച്ചിന് നീതികിട്ടിയതിൽ സന്തോഷം, ചികിത്സ സമയത്ത് എന്റെ പൊന്ന് വേദന കൊണ്ട് കാറിക്കരഞ്ഞിട്ടുണ്ട്'
എന്റെ കൊച്ചിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ഷഫീഖിനെ പരിചരിക്കുന്ന രാഗിണി.
ഇടുക്കി: എന്റെ കൊച്ചിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ഷഫീഖിനെ പരിചരിക്കുന്ന രാഗിണി. ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി ശിക്ഷാവിധി പറയാനിരിക്കെയാണ് രാഗിണി പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്. 11 വർഷത്തിന് ശേഷമാണ് കേസിൽ വിധിയെത്തുന്നത്.
'എന്തൊക്കെ ശിക്ഷകൾ കിട്ടിയാലും എന്റെ കൊച്ചിന് മാറ്റം വരില്ല. എന്റെ കൊച്ചിന്റെ അടുത്ത് ഇങ്ങനെ തന്നെയായിരിക്കും എന്റെ ജീവിതം. ചികിത്സ സമയത്തൊക്കെ, എക്സസൈസ് സമയത്തൊക്കെ എന്റെ പൊന്ന് വേദന കൊണ്ട് കാറിക്കരയും. ഇപ്പോ മിടുക്കനാ. അൽഅസ്ഹർ മാനേജ്മെന്റിനും ബഹുമാനപ്പെട്ട കോടതിക്കും നിയമത്തിനും പൊതുജനങ്ങൾക്കും ഷഫീഖിന്റെ പേരിൽ ഞാൻ നന്ദി പറയുന്നു. എനിക്ക് വർഷമേതാ, ദിവസമേതാ മഴയേതാ, വെയിലേതാ എന്ന് തിരിച്ചറിയാൻ പോലും പറ്റണില്ല. എന്റെ ലോകം, എന്റെ സ്വർഗം എന്റെ ഷഫീക്കാ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ഇവനെ ഇങ്ങനെ ആക്കിയെടുക്കാൻ എന്റെ കൂടെ നിന്നത് അൽഅസ്ഹർ മാനേജ്മെന്റാണ്.' രാഗിണിയുടെ വാക്കുകള്‍.
പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ടും അതിക്രൂരമായി മര്‍ദിച്ചും നാലരവയസുണ്ടായിരുന്ന കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. രണ്ട് പ്രതികളും കുറ്റക്കാരെന്ന് ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിയില്‍ പറയുന്നു. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധിയെത്തുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ നിര്‍ദേശം. ഷെഫീഖിന്‍റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസില പ്രതികള്‍.