3104ൽ നിന്ന് 561 ആയി ചുരുക്കി; ലീസും പെർമിറ്റുമുള്ള ക്വാറികളുടെ എണ്ണം, കണക്കുകൾ പുറത്തുവിട്ട മന്ത്രി പി രാജീവ്

പ്രളയത്തിന് മുൻപ് 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഒരു വർഷം ശരാശരി 88 ക്വാറികൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഒരു വർഷം ശരാശരി 45 ക്വാറികൾക്ക് മാത്രമാണ് അനുമതി നൽകുന്നതെന്ന് മന്ത്രി

Number of quarries with lease and permit Minister P Rajeev released the figures

തിരുവനന്തപുരം:  ലീസും പെർമിറ്റുമുള്ള ക്വാറികളുടെ എണ്ണം 561 ആയി ചുരുക്കാൻ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി പി രാജീവ്. 3104 ക്വാറികൾക്കാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുന്ന വർഷം (2015-16) കേരളത്തിൽ ലീസും പെർമിറ്റും ഉണ്ടായിരുന്നത്. എന്നാൽ 2023-24 ആവുമ്പോൾ ലീസും പെർമിറ്റുമുള്ള ക്വാറികളുടെ എണ്ണം 561 ആയി ചുരുക്കാൻ സർക്കാരിന് സാധിച്ചു. 

പ്രളയത്തിന് മുൻപ് 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഒരു വർഷം ശരാശരി 88 ക്വാറികൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഒരു വർഷം ശരാശരി 45 ക്വാറികൾക്ക് മാത്രമാണ് അനുമതി നൽകി വരുന്നത്. എല്ലാ അനുമതികളും എൻഒസി സർട്ടിഫിക്കറ്റുകളുമുള്ള ക്വാറികൾക്ക് മാത്രമേ സർക്കാർ അനുമതി നൽകുന്നുള്ളൂ. കേരളത്തിലെ ക്വാറികളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ഓൺലൈനായി ജനങ്ങൾക്ക് അറിയാനും സാധിക്കും.

പാരിസ്ഥിതികാഘാത അതോറിറ്റിയുടെ നിരാക്ഷേപപത്രം, മലിനീകരണ നിയന്ത്രണബോർഡ്‌, പഞ്ചായത്ത്‌, എക്‌സ്‌പ്ലോസീവ്‌ വിഭാഗം, മൈനിങ് ആൻഡ്‌ ജിയോളജി എന്നിവയുടെ അനുമതി ക്വാറികൾക്ക് ലഭിക്കേണ്ടതുണ്ട്. ഏതെങ്കിലും ലംഘനമുണ്ടാവുന്ന ഘട്ടത്തിൽ നിയമാനുസൃതമായ നടപടികൾ കൈക്കൊണ്ടുവരികയുമാണെന്നും മന്ത്രി അറിയിച്ചു. 

ഖനനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരിൽ നിന്ന് വഴിവിട്ട സമീപനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി എല്ലാ അനുമതികളും ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനും ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അവസരമൊരുക്കിയെന്ന് മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു. ക്വാറി പ്രവർത്തനത്തിനുള്ള അനുമതി നൽകുന്നതിന് മുൻപ് അപേക്ഷാസ്ഥലം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ മാപ്പ് പ്രകാരം റെഡ് സോണിൽപെടുന്നുവോ എന്ന് പരിശോധിച്ച് അപ്രകാരം ഉൾപ്പെടുന്നില്ലെങ്കിൽ മാത്രമാണ് അനുവാദം നൽകുന്നത്. 45 ഡിഗ്രി ചരിവിൽ കൂടിയ പ്രദേശങ്ങളിലും അനുമതി നൽകാറില്ല. അപേക്ഷാസ്ഥലത്തോ സമീപത്തോ ഉരുൾപൊട്ടലോ മറ്റ് പ്രകൃതി ദുരന്തങ്ങളോ ഉണ്ടായിട്ടുണ്ടോ, അപേക്ഷാ സ്ഥലം ഇഎസ്എ വില്ലേജിൽ ഉൾപ്പെടുന്നുവോ എന്ന വിവരങ്ങൾ എല്ലാംതന്നെ പരിശോധിച്ചാണ് അനുമതി നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കാപ്പിക്കടക്കാരന്‍റെ അക്കൗണ്ടിൽ വന്നത് 999 കോടി! 48 മണിക്കൂറിൽ അസാധാരണ സംഭവങ്ങൾ, ഒന്നും വിട്ടുപറയാതെ ബാങ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios