'ഉമ്മൻചാണ്ടിക്ക് പകരമാവില്ലെന്നറിയാം, എന്നാലും';ചാണ്ടിയും അച്ചുവും മാത്രമല്ല, കുടുംബം യുഡിഎഫ് പ്രചരണത്തിന്
ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുടുംബാംഗങ്ങൾ എല്ലാവരും പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചത്.
കോട്ടയം : മക്കളായ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും മാത്രമല്ല. ഉമ്മൻ ചാണ്ടിയുടെ കുടുംബം മുഴുവൻ കേരളത്തിൽ യുഡിഎഫിന്റെ പ്രചാരണത്തിന് എത്തും. ചാണ്ടി ഉമ്മന് പുറമേ ഉമ്മൻ ചാണ്ടിയുടെ മറിയാമ്മ ഉമ്മനും മക്കളായ മറിയ ഉമ്മനും അച്ചു ഉമ്മനും പ്രചരണത്തിന് ഇറങ്ങും. കോൺഗ്രസിന്റെ എല്ലാ കുടുംബാംഗങ്ങളും പ്രചാരണത്തിന് ഇറങ്ങണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുടുംബാംഗങ്ങൾ എല്ലാവരും പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചത്.
പാചകവാതക വില കുറച്ചു, രണ്ട് മാസത്തിനിടെ കൂട്ടിയത് 41.5, കുറച്ചത് 30 രൂപ മാത്രം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യ പൊതുതിരഞ്ഞെടുപ്പാണ് നമ്മൾ ആഭിമുഖീകരിക്കുന്നത്. അവസാന നാളുകളിൽ പോലും ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി പ്രയത്നിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ നിങ്ങളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല എന്നറിയാം. ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ഇത്തവണയും വർഗ്ഗീയ -ഏകാധിപത്യ ശക്തികൾ അധികാരത്തിൽ വന്നാൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്...
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന വർഗീയ - കോർപ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിത്. ആ ഉത്തരവാദിത്തം എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് കോൺഗ്രസ് കുടുംബങ്ങങ്ങളും ഏറ്റെടുക്കണം. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് എന്റെ മകൻ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. നിലവിൽ പ്രവർത്തന രംഗത്തുണ്ട്.വരും ദിവസങ്ങളിൽ എത്താൻ കഴിയാവുന്ന എല്ലാ ഭവനങ്ങളിലും അദ്ദേഹം എത്തിച്ചേരും. അതോടൊപ്പം ജീവിതത്തിൽ ആദ്യമായി ഞാനും അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണ്. മക്കൾ മറിയ ഉമ്മനും , അച്ചു ഉമ്മനും പ്രചരണപ്രവർത്തനങ്ങളിൽ സജീവമായും ഉണ്ടാകും.
അതൊന്നും ഉമ്മൻചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം. ഈ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുൽഗാന്ധിയോടൊപ്പവും നിങ്ങൾ ഓരോരുത്തരോടൊപ്പവും ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നറിയിക്കുന്നു.