ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണ്ണരെ പ്രീണിപ്പിക്കാൻ; ആരോപണവുമായി എം ഗീതാനന്ദൻ
പല മേഖലകളിലും അയിത്തം നിലനിൽക്കുന്നതായി രാധാകൃഷ്ണൻ നേരത്തെ മന്ത്രിയായ ശേഷം പറഞ്ഞ കാര്യം ഇപ്പോഴത്തെ മാറ്റവും ആയി കൂട്ടി വായിക്കണമെന്നും ഗീതാനന്ദൻ പറഞ്ഞു
കോഴിക്കോട്: ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി ആദിവാസി ഗോത്ര മഹാ സഭ. കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന ദേവസ്വം വകുപ്പ് പകരമെത്തുന്ന നിയുക്ത മന്ത്രി ഒ.ആര്‍ കേളുവിന് നല്‍കാത്തതിനെതിരെയാണ് ആദിവാസി ഗോത്ര മഹാ സഭ നേതാവ് എം ഗീതാനന്ദൻ രംഗത്തെത്തിയത്. ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണ്ണരെ പ്രീണിപ്പിക്കാനാണെന്ന് ഗീതാനന്ദൻ ആരോപിച്ചു.
സവർണ്ണ സംഘടന നേതാക്കൾ മുഖ്യമന്ത്രിയോട് വകുപ്പ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കാം എന്നും ഗീതാനന്ദൻ ആരോപിച്ചു.തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായത് കൂടി വിലയിരുത്തിയാണ് ഈ നീക്കം എന്നും ഗീതാനന്ദൻ പറഞ്ഞു. പല മേഖലകളിലും അയിത്തം നിലനിൽക്കുന്നതായി രാധാകൃഷ്ണൻ നേരത്തെ മന്ത്രിയായ ശേഷം പറഞ്ഞ കാര്യം ഇപ്പോഴത്തെ മാറ്റവും ആയി കൂട്ടി വായിക്കണമെന്നും ഗീതാനന്ദൻ പറഞ്ഞു.
ഊര് എന്ന പേര് റദ്ദാക്കാനുള്ള നടപടി പുനപരിശോധിക്കണം
ഇതിനിടെ, കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് ആദിവാസി-ദളിത് വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ പേര് മാറ്റികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആദിവാസി ഗോത്ര മഹാ സഭ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കോളനി, സങ്കേതങ്ങള്‍ എന്നീ പദപ്രയോഗങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ആദിവാസി സമൂഹം അവരുടെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഊര് എന്ന പേര് റദ്ദാക്കാനും പകരം നഗര്‍, ഉന്നതി, പ്രകൃതി തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാവുന്നതാണെന്നമുള്ള നിര്‍ദേശം ആദിവാസി-ദളിത് ജനവിഭാഗങ്ങളുടെ സാമുദായിക ജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഗോത്ര മഹാസഭ കുറ്റപ്പെടുത്തി.
കോളനിവാസികൾ എന്ന് അരനൂറ്റാണ്ടുകളോളം കേരള സർക്കാർ സ്ഥാപിച്ചെടുത്ത വംശീയ വിവേചന പദ്ധതിയുടെ പുതിയ രൂപമാണിത്. പേരുകൾ നിർദ്ദേശിക്കാൻ സർക്കാറിന് യാതൊരു അധികാരവുമില്ലെന്നും ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോഡിനേറ്റർ എം ഗീതാനന്ദൻ പറഞ്ഞു.ഊര് എന്ന പേര് റദ്ദാക്കാനുള്ള നിർദ്ദേശം മുന്നോട്ടു വെക്കുക വഴി, ആദിവാസി ജനതയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ യൂണിറ്റായി കണക്കാക്കപ്പെടുന്ന ഊരു കൂട്ടങ്ങളുടെ നിലനിൽപ്പിന് തന്നെ ഇല്ലായ്മ ചെയ്യുന്നതാണ്.
വനവകാശ നിയമത്തിന്റെ നടത്തിപ്പിൽ സുപ്രധാന പങ്ക് വഹിക്കുന്ന "ഗ്രാമസഭകളെ" തകർക്കുന്നതുമാണ് ആദിവാസി ഊരിനു പകരം നഗർ, ഉന്നതി, പ്രകൃതി, തുടങ്ങിയ പ്രയോഗങ്ങൾ പാർട്ടി നേതാക്കളുടെ പേരിലുള്ള നഗറുകൾ സ്ഥാപിക്കാനുള്ള മത്സരവേദിയായി ആദിവാസി ദളിത് ജനവാസ കേന്ദ്രങ്ങളെ മാറ്റുന്നതിനുള്ള നീക്കം ആണെന്നും സംശയിക്കേണ്ടതുണ്ട്. എന്തായാലും ഒരു ജന വിഭാഗത്തിന്റെ വാസസ്ഥലത്തിന് ഭരണകൂടം പേരിടേണ്ടതില്ല. സർക്കാർ ഉത്തരവ് പുന പരിശോധിക്കണമെന്നും എം ഗീതാനന്ദൻ ആവശ്യപ്പെട്ടു.
പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി; 26 രോഗികളെ തിരിച്ചയച്ചു