നഴ്സുമാർ വീണ്ടും സമരത്തിന്; ജീവിക്കാനുള്ള ശമ്പളം പോലുമില്ല, കരുതലും സ്നേഹവും വാക്കുകളിലൊതുങ്ങി
2018ൽ ആയിരുന്നു ഇതിന് മുമ്പ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഉണ്ടായത് . മൂന്ന് വർഷത്തിനിപ്പുറം സമര പ്രഖ്യാപനം നടത്തുന്ന നഴ്സുമാർക്ക് പൊതു സമൂഹത്തിന് മുന്നിൽ വയ്ക്കാൻ കനത്ത ശമ്പള സർട്ടിഫിക്കറ്റില്ല. പകരം സർക്കാർ ഉത്തരവിറക്കിയ ശമ്പളം പോലും ഇപ്പോഴും പേപ്പറിലൊതുങ്ങുന്നതിന്‍റെ , വാഗ്ദാന ലംഘനത്തിന്‍റെ കണക്കുകൾ മാത്രം. പി ആർ പ്രവീണ എഴുതുന്നു...
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനം വീണ്ടും നഴ്സുമാരുടെ സമര വേദിയാകുന്നു. തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യവുമായാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിനിറങ്ങുന്നത് . മിനിമം വേതനം 40000 രൂപ ആക്കുക എന്നതാണ് പ്രധാന ആവശ്യം. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യ മാനേജ്മെന്‍റ് അസോസിയേഷൻ. യുണൈറ്റഡ് നഴ്സസ് അസോസിയേന്‍റെ നേതൃത്വത്തിലാണ് നഴ്സുമാർ സമരത്തിലേക്കിറങ്ങുന്നത്.
2018ൽ ആയിരുന്നു ഇതിന് മുമ്പ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഉണ്ടായത് . മൂന്ന് വർഷത്തിനിപ്പുറം സമര പ്രഖ്യാപനം നടത്തുന്ന നഴ്സുമാർക്ക് പൊതു സമൂഹത്തിന് മുന്നിൽ വയ്ക്കാൻ കനത്ത ശമ്പള സർട്ടിഫിക്കറ്റില്ല. പകരം സർക്കാർ ഉത്തരവിറക്കിയ ശമ്പളം പോലും ഇപ്പോഴും പേപ്പറിലൊതുങ്ങുന്നതിന്‍റെ , വാഗ്ദാന ലംഘനത്തിന്‍റെ കണക്കുകൾ മാത്രം.
ഇത്തവണ നഴ്സുമാർ ആവശ്യപ്പെടുന്നത് പ്രധാനമായും രണ്ട് കാര്യങ്ങൾ
1. അടിസ്ഥാന ശമ്പളം 40000 രൂപ ആക്കുക.
2. കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക
സർക്കാർ സർവീസിൽ ഒരു നഴ്സിന്‍റെ അടിസ്ഥാന ശമ്പളം 39,300 രൂപ. ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്സുമാരെ കൂടി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. ഇതിന് അടിസ്ഥാനമായി നഴ്സുമാരുടെ സഘടനയായ യുണൈറ്റഡ് നഴ്സ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത് തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീം കോടതി ഉത്തരവും. എന്നാൽ 2018ൽ , മുൻകാല പ്രാബല്യത്തോടെ ഇറങ്ങിയ ശമ്പള പരിഷ്കരണ ഉത്തരവ് അനുസരിച്ചുള്ള മിനിമം ശമ്പളം 20000 രൂപ പോലും കിട്ടാത്തിടത്താണ് 40000 രൂപ മിനിമം ശമ്പളമെന്ന ആവശ്യവുമായി നഴ്സുമാർ സമര രംഗത്തേക്കിറങ്ങുന്നത് എന്നതാണ് വാസ്തവം.
നിലവിലെ നിയമം അനുസരിച്ച് മൂന്ന് വർഷത്തിനുള്ളിൽ അല്ലെങ്കിൽ പരമാവധി 5 വർഷത്തിനുള്ളിൽ ശമ്പള പരിഷ്കരണം നടപ്പാക്കണം. എന്നാൽ 2017ലെ ശമ്പള പരിഷ്കരണത്തിന് ശേഷം ഇന്നേവരെ ഒരു ഫയലും ഇതിനായി നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിനും മാനേജ്മെന്‍റുകൾക്കും നോട്ടീസ് നൽകി വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നത്.
2017ലെ ശമ്പള പരിഷ്കരണ ഉത്തരവിറങ്ങിയത് 2018 ഒക്ടോബറിലാണ്. മുൻകാല പ്രാബല്യത്തോടെ അടിസ്ഥാന ശമ്പളം ഏറ്റവും കുറഞ്ഞത് 20000 രൂപയും കൂടിയത് 30000 രൂപയും ആയിരുന്നു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം അനുസരിച്ച് പിന്നീട് ശമ്പളത്തിൽ വർധന , ഇതായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ വർഷം അഞ്ചായിട്ടും പല ആശുപത്രികളിലും ഇത് നടപ്പാക്കിയിട്ടില്ല.സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ മാനേജ്മെന്‍റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഈ ശമ്പള പരിഷ്കരണം തുലാസിലായത്.
മിക്ക ആശുപത്രികളും ഇപ്പോൾ സ്ഥിര നിയമനം ഉപേക്ഷിച്ച മട്ടാണ്. താൽകാലികാടിസ്ഥാനത്തിൽ നഴ്സുമാരെ നിയമിക്കുക , കരാർ പുതുക്കുക , ഇതാണ് നിലവിലെ അവസ്ഥ. അങ്ങനെ ആകുമ്പോൾ സർക്കാർ നിശ്ചയിച്ച മിനിമം ശമ്പളം നൽകേണ്ടി വരില്ലെന്നതും എപ്പോൾ വേണമെങ്കിലും ജോലിയിൽ നിന്ന് ഒഴിവാക്കാമെന്നതും സ്വകാര്യ മാനേജ്മെന്‍റുകൾക്ക് അനുകൂലഘടകമാണ്. ഇത് ഇനി അംഗീകരിക്കാൻ പറ്റില്ലെന്ന നിലപാടിലാണ് നഴ്സുമാർ.
ഈ ആവശ്യങ്ങളുന്നയിച്ച് സമര പ്രഖ്യാപനം അടുത്ത മാസം നാലിന് ജില്ലകളിൽ ഉണ്ടാകും. അന്ന് തന്നെ തൊഴിൽ , ആരോഗ്യവകുപ്പുകൾക്ക് നോട്ടീസ് നൽകും. ഒപ്പം സ്വകാര്യ മാനേജ്മെന്‍റ് അസോസിയേഷനും നോട്ടീസ് നൽകും. തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ആദ്യഘട്ടത്തിൽ ജില്ലകളിൽ ഡി എം ഒ ഓഫിസുകൾ കേന്ദ്രീകരിച്ച് സമരം , പിന്നീട് സെക്രട്ടേറിയറ്റിനു മുന്നിൽ. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മുമ്പ് കണ്ടപോലെ ഡ്യൂട്ടി ബഹിഷ്കരണം അടക്കം സമര പരിപാടികളാണ് ആലോചനയിൽ.
എന്നാൽ അടിസ്ഥാന ശമ്പളം 40000 രൂപ എന്നത് നിലവിലെ നിയമങ്ങൾ മനസിലാക്കാതെയുള്ള ആവശ്യമാണെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ പറയുന്നത്. അത്തരമൊരു ശമ്പള പരിഷ്കരണം ആലോചിക്കാനേ പറ്റില്ല. മാത്രവുമല്ല 20000 രൂപ അടിസ്ഥാന ശമ്പളം നൽകാനുള്ള സർക്കാർ ഉത്തരവ് പോലും കോടതി പരിഗണനയിലാണെന്നിരിക്കെ പുതിയ ആവശ്യത്തിൽ ഒരു തീരുമാനവും ഇപ്പോൾ എടുക്കാനില്ലെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ 40000 രൂപ മിനിമം വേതനമെന്ന ആവശ്യം നഴ്സുമാരും പറ്റില്ലെന്ന് മാനേജ്മെന്‍റും പറയുമ്പോൾ ആരോഗ്യമേഖല വീണ്ടും സമരച്ചൂടിലേക്ക് നീങ്ങുകയാണ്.
സമര ചരിത്രം
2009ലെ മിനിമം വേതനം ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാർ സമരത്തിലേക്കിറങ്ങുന്നത് 2011ൽ. കേരളം കണ്ട വലിയ സമരം. നഴ്സുമാർ സ്വകാര്യ ആശുപത്രികൾക്ക് മുന്നിൽ ഉപരോധം തീർത്ത് ,ഡ്യൂട്ടി ബഹിഷ്കരിച്ച് , സമരവുമായി തെരുവിൽ . ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റേയും പിന്തുണ ഇല്ലാതെ സ്വകാര്യ മാനേജ്മെന്‍റുകൾക്കെതിരെ വമ്പൻ സമരം. ആദ്യമൊക്കെ അവഗണിക്കാൻ നോക്കിയെങ്കിലും സമരത്തെ കേരളം ഏറ്റെടുത്തു. ഒടുവിൽ സർക്കാർ വഴങ്ങി, മാനേജ്മന്റുകളും. അടിസ്ഥാന ശമ്പഴം 6500 രൂപ ആക്കാൻ ഒടുവിൽ പച്ചക്കൊടി കാട്ടി സ്വകാര്യ മാനേജ്മെന്‍റുകൾ.
ശമ്പള പരിഷ്കരണ ആവശ്യവുമായി 2013ൽ വീണ്ടും നഴ്സുമാരുടെ സമരം. അന്ന് കുറഞ്ഞ അടിസ്ഥാന ശന്പളം 10000, കൂടിയത് 13000 ആക്കി സർക്കാർ ഉത്തരവ്. പിന്നീട് 2018ൽ. അന്നും വലിയ സമര പരിപാടികൾ, നിരാഹാരം സമരം . ഒടുവിൽ സർക്കാർ ഉത്തരവ്. ചില ആശുപത്രികൾ അത് അംഗീകരിച്ചെങ്കിലും മാനേജ്മെനറ് അസോസിയേഷൻ കോടതിയിൽ പോയി. അതിലിപ്പോഴും തീരുമാനമാകാത്തതിനാൽ 20000രൂപ എന്ന അടിസ്ഥാന ശന്പളം അഞ്ചുവർഷത്തിനിപ്പുറവും എല്ലാപേർക്കും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരരംഗത്തിക്കേറങ്ങാൻ നഴ്സുമാരുടെ സംഘടന തീരുമാനിച്ചത്.