നോർക്ക റൂട്ട്സ്: വിദേശത്തേക്ക് പോകുന്ന മലയാളികളുടെ വഴികാട്ടി
വിവിധ ഘട്ടങ്ങളിലൂടെ 'പ്രീ ഇമിഗ്രഷൻ' സഹായങ്ങൾ ഉറപ്പുവരുത്തുകയാണ് നോർക്കയുടെ സേവനങ്ങൾ. വിദേശത്തേക്ക് പോകുന്ന ഒരാൾക്ക് എന്തെല്ലാം പ്രീ ഇമിഗ്രേഷൻ സേവനങ്ങളാണ് നോർക്ക നൽകുകയെന്ന് അടുത്തറിയാം.
വിദേശത്തേക്ക് പുതിയ പ്രതീക്ഷകളുമായി ചേക്കേറുന്ന മലയാളികളുടെ വഴികാട്ടിയാണ് നോർക്ക. 1996 മുതൽ പ്രവർത്തിക്കുന്ന നോർക്ക (നോൺ റെസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്) പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. പ്രവാസികളുടെ പരാതികൾ കേൾക്കുകയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന നോർക്ക, ഈ സ്വഭാവത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യ സർക്കാർ വകുപ്പാണ്.
നോർക്ക റൂട്ട്സ്, വെൽഫെയർ ബോർഡ്, എൻ.ആർ.ഐ കമ്മീഷൻ, ലോക കേരള സഭ, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് & ഹോൾഡിങ് ലിമിറ്റഡ് എന്നിവയാണ് നോർക്കയുടെ കീഴിലുള്ള വകുപ്പുകൾ.
ജോലി തേടി വിദേശത്തേക്ക് പോകുമ്പോൾ കടമ്പകൾ അനവധിയാണ്. ലഭിച്ച തൊഴിലിന്റെ സാധുത മുതൽ പുതിയ രാജ്യത്തിന്റെ സാംസ്കാരിക പശ്ചാത്തലവും ഭാഷയും വരെ മലയാളികൾക്ക് വിചിത്രമായി തോന്നാം. ഈ മാറ്റം എളുപ്പമാക്കാനും വേണ്ട തയാറെടുപ്പുകൾ നടത്താനും നോർക്ക വർഷങ്ങളായി പരിശീലനം നൽകുന്നുണ്ട്.
ക്വാളിറ്റി മൈഗ്രേഷനാണ് ഇനിയുള്ള കാലത്തെ കുടിയേറ്റമെന്നാണ് നോർക്ക സി.ഇ.ഒ, കെ. ഹരികൃഷ്‍ണൻ നമ്പൂതിരി പറയുന്നത്.
“ഇനിയുള്ള കാലം നമുക്ക് വേണ്ടത് ക്വാളിറ്റി മൈഗ്രേഷനാണ്; അതിനാണ് നോർക്ക പ്രാധാന്യം കൊടുക്കുന്നതും. ഗുണമേന്മയുള്ള കുടിയേറ്റത്തിന് രണ്ട് ഘടകങ്ങളാണുള്ളത് - ചെലവും സമയവും. അതായത്, കുടിയേറ്റം താങ്ങാവുന്ന ചെലവിൽ ഗുണമേന്മ ഉറപ്പാക്കുന്ന അഫോഡബിൾ ക്വാളിറ്റി മൈഗ്രേഷൻ ആയിരിക്കണം. ഒപ്പം സമയനഷ്ടമില്ലാതെ ആക്സിലറേറ്റഡ് മൈഗ്രേഷനും ഉറപ്പാക്കണം. അതിനുവേണ്ടിയാണ് നോർക്ക പ്രവർത്തിക്കുന്നത്. കുടിയേറ്റം സുരക്ഷിതമായിരിക്കണം, കൃത്യമായി ചിട്ടപ്പെടുത്തിയ രീതികളിലാകണം, നൈതികവും നിയമപരവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാകണം. കുടിയേറ്റത്തിന്റെ രീതികൾ മാറുകയാണ്. മുൻപ് ഏതാനും വിദേശരാജ്യങ്ങളിലേക്ക് മാത്രമേ മലയാളികൾ കുടിയേറിയിരുന്നുള്ളൂ. ഇന്ന് 128 രാജ്യങ്ങളിലുള്ള മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാറുന്ന കുടിയേറ്റ രീതികൾക്ക് അനുസരിച്ച് ക്വാളിറ്റി മൈഗ്രേഷൻ സാധ്യമാക്കുന്ന ഒരു 360-ഡിഗ്രി സമീപനമാണ് നോർക്കയ്ക്കുള്ളത്.” – നോർക്ക സി.ഇ.ഒ വിശദീകരിക്കുന്നു.
വിവിധ ഘട്ടങ്ങളിലൂടെ 'പ്രീ ഇമിഗ്രഷൻ' സഹായങ്ങൾ ഉറപ്പുവരുത്തുകയാണ് നോർക്കയുടെ സേവനങ്ങൾ. വിദേശത്തേക്ക് പോകുന്ന ഒരാൾക്ക് എന്തെല്ലാം പ്രീ ഇമിഗ്രേഷൻ സേവനങ്ങളാണ് നോർക്ക നൽകുകയെന്ന് അടുത്തറിയാം.
പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം
പ്രതിവർഷം 1.10 കോടി രൂപ നോർക്ക വകയിരുത്തുന്ന പ്രോഗ്രാമാണ് പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ. പ്രധാനമായും വിദേശത്ത് നഴ്സിങ്, ഹൗസ് മെയിഡ് ജോലികൾക്ക് പോകുന്ന സ്ത്രീകളെയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. വിദേശരാജ്യത്ത് വച്ച് സ്ത്രീകൾ നേരിടാൻ സാധ്യതയുള്ള പ്രശനങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുകയും അങ്ങനെയുണ്ടാകുന്ന പ്രശനങ്ങളിൽ അവർക്ക് ലഭ്യമാകുന്ന നിയമമാർഗങ്ങളെക്കുറിച്ച് അവബോധം നൽകുകയുമാണ് പരിപാടി ചെയ്യുന്നത്. ഇതിനായി വനിതാ വികസന കോർപ്പറേഷനാണ് നോർക്കയോട് സഹകരിക്കുന്നത്.
തെരഞ്ഞെടുത്ത ഇൻസ്റ്റിറ്റ്യൂട്ടുകളിൽ, പ്രത്യേകിച്ച് നഴ്സിങ് കോളേജുകളിൽ ഫൈനൽ ഇയർ വിദ്യാർത്ഥികളെ ഈ പ്രോഗ്രാമിന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം മാത്രമുള്ള ഈ പരിപാടി ഓരോ രാജ്യത്തെയും പ്രത്യേകതകൾ പരിഗണിച്ച് ഉദ്യോഗാർത്ഥികൾക്ക് വേണ്ട ഭാഷാപ്രാവീണ്യം, അവിടുത്തെ സാമൂഹികജീവിതത്തോട് അടുത്തുപെരുമാറാനുള്ള പരിശീലനം, ജോലിസ്ഥലത്തെക്കുറിച്ചുള്ള അവബോധം, നിർബന്ധമായും പാസ്സാകേണ്ട റെഗുലേറ്ററി പരീക്ഷകൾ എന്നിവയെക്കുറിച്ച് പഠിപ്പിക്കും.
എൻ.ഐ.എഫ്.എൽ (NIFL)
പുതുതായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് എൻ.ഐ.എഫ്.എൽ. വിദേശത്ത് തൊഴിൽ നേടാൻ പലരാജ്യങ്ങളും മുന്നോട്ടു വെക്കുന്ന കർശനമായ ഉപാധി അവിടുത്തെ ഭാഷ പഠിക്കണം എന്നതാണ്. ഉദാഹരണത്തിന് ജർമ്മനിയിൽ ജോലി ചെയ്യുന്നതിന് ജർമ്മൻ ഭാഷയിൽ ബി2 ലെവൽ നിർബന്ധമാണ്. ഇത്തരത്തിൽ മതിയായ ഭാഷാ പ്രാവീണ്യം നേടാൻ നോർക്ക എൻ.ഐ.എഫ്.എൽ വഴി ഉദ്യോഗാർത്ഥികളെ സഹായിക്കും. 2023 മാർച്ചിൽ എൻ.ഐ.എഫ്.എൽ തിരുവനന്തപുരത്ത് ആദ്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. ഓഗസ്റ്റ് മാസത്തോടെ കോഴിക്കോട് അടുത്ത ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും. പിന്നാലെ കോട്ടയത്തും തുടങ്ങും.
എയർകണ്ടീഷൻ ചെയ്ത ക്ലാസ് മുറികളിലാണ് പഠനം. ഉയർന്ന നിലവാരമുള്ള അദ്ധ്യാപകരും പഠിപ്പിക്കാനെത്തും. ബി.പി.എൽ, എസ്.സി-എസ്.ടി വിദ്യാർത്ഥികൾക്ക് സൗജന്യമാണ് പഠനം. എ.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് വളരെ മിതമായ ഫീസ് മാത്രം മതിയാകും. നിലവിൽ ജർമ്മൻ ഭാഷയ്ക്ക് പുറമെ ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി പരിശീലനവും നൽകുന്നുണ്ട്. തൊഴിൽനൈപുണ്യം ഉറപ്പാക്കാൻ പറ്റുമെങ്കിൽ ഏത് ഭാഷയിലും പരിശീലനം നൽകാൻ എൻ.ഐ.എഫ്.എൽ തയ്യാറാണ് എന്നതാണ് സവിശേഷത.
റിക്രൂട്ട്മെന്റ്
നോർക്ക സ്ഥിരമായി റിക്രൂട്ട്മെന്റുകൾ നടത്തുന്നുണ്ട്. പ്രധാനമായും ജർമ്മനി, യു.കെ, ഗൾഫ് രാജ്യങ്ങളിലേക്കാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. പുതിയ ഒരു കരാർ അനുസരിച്ച് കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ എന്ന പ്രവശ്യയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്. ജർമ്മനിയിലേക്കുള്ള തെരഞ്ഞെടുപ്പ് ട്രിപ്പിൾ വിൻ പ്രോഗ്രാമാണ്. അതായത് ജർമ്മനിയിലെ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും നോർക്ക റൂട്ട്സും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇതനുസരിച്ച് നഴ്സുമാർക്ക് തിരുവനന്തപുരം ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഭാഷാപരിശീലനം നേടാം. പഠനം പൂർത്തിയാക്കുന്നവർക്ക് അസിസ്റ്റന്റ് നഴ്സായി ജർമ്മനിയിലേക്ക് റിക്രൂട്ട്മെന്റ് ലഭിക്കും. ഒപ്പം ജർമ്മൻ ഭാഷയിൽ ബി2 ലെവൽ പാസ്സാകാനും പരിശീലനം ലഭിക്കും. ഇതിന് വേണ്ടി വരുന്ന എല്ലാ ചെലവും ജർമ്മൻ സർക്കാരാണ് വഹിക്കുക.
ഇതുവരെ ജർമ്മനിയിലേക്ക് മാത്രം 800 നഴ്സുമാരെ നോർക്ക റിക്രൂട്ട് ചെയ്തു. യു.കെയിലെ ഹംബർ ആൻഡ് നോർത്ത് യോർക് ഷെയർ കെയർബോർഡ് എന്ന സർക്കാർ ഏജൻസിയുമായും നഴ്സ് റിക്രൂട്ട്മെന്റിന് നോർക്ക കരാറിലെത്തിയിട്ടുണ്ട്.
സ്കിൽ അപ്ഗ്രഡേഷൻ ട്രെയിനിങ്
സ്കിൽ അപ്ഗ്രഡേഷൻ ട്രെയിനിങ് പിന്തുണയോടെയാണ് എൻ.ഐ.എഫ്.എൽ തുടങ്ങിയത്. നിലവിൽ വിദേശത്ത് തൊഴിൽ ഉറപ്പാക്കാൻ കഴിയുന്ന പരിശീലന പദ്ധതികൾക്കാണ് നോർക്ക ശ്രമിക്കുന്നത്. കാനഡയിൽ നഴ്സുമാർക്ക് ജോലി ഉറപ്പാക്കാനുള്ള എൻക്ലെക്സ് (NCLEX) പരീക്ഷ എഴുതാനുള്ള പരിശീലനം നൽകുന്നുണ്ട്.
അറ്റസ്റ്റേഷൻ
വിദേശത്തേക്ക് ജോലിക്ക് പോകുന്നവർക്ക് വേണ്ട എല്ലാ അറ്റസ്റ്റേഷൻ സർവീസുകളും നോർക്ക റൂട്ട്സ് ഓഫീസുകളിലൂടെ ലഭിക്കും. ഇതിൽ പ്രധാനപ്പെട്ടത് എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ ആണ്. വിദേശത്തേക്ക് പോകുന്നവരുടെ എല്ലാ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ആദ്യം സംസ്ഥാന സർക്കാർ അറ്റസ്റ്റേഷൻ ചെയ്യണം. പിന്നീട് കേന്ദ്ര സർക്കാർ അറ്റസ്റ്റ് ചെയ്യും. അതിന് ശേഷമേ എംബസികൾ അറ്റസ്റ്റേഷൻ നടത്തൂ.
സംസ്ഥാന സർക്കാരിനായി അറ്റസ്റ്റേഷൻ ചെയ്യുന്നത് ജനറൽ എജ്യുക്കേഷൻ വകുപ്പാണ്. ഈ സേവനം നോർക്ക റൂട്ട്സ് ഓഫീസുകളിൽ ലഭ്യമാണ്. എച്ച്.ആർ.ഡി അറസ്റ്റേഷൻ പൂർത്തിയായ ശേഷം വിവിധ എംബസി അറ്റസ്റ്റേഷന് വേണ്ടി നോർക്ക റൂട്ട്സിൽ തന്നെ സർട്ടിഫിക്കറ്റുകൾ നൽകാം. നോർക്ക റൂട്ട്സിലൂടെ യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, വിയറ്റ്നാം രാജ്യങ്ങളിലേക്കുള്ള അറ്റസ്റ്റേഷൻ നേരിട്ടു ചെയ്യാനാകും. ഇതുകൂടാതെ ഒമാൻ ഉൾപ്പെടെ 120 രാജ്യങ്ങൾ സ്വീകരിക്കുന്ന അപോസ്റ്റിൽ (Apostille attestation) നോർക്കയിലൂടെ ചെയ്യാം.
യു.എ.ഇയിലേക്ക് ജോലിക്ക് പോകണമെങ്കിൽ സർട്ടിഫിക്കറ്റുകൾ നോർക്ക റൂട്ട്സ് വഴി അറ്റസ്റ്റ് ചെയ്യാം. കേരളത്തിലെ യൂണിവേഴ്സ്റ്റി ബോർഡ്സ് കൗൺസിലിന് കീഴിലുള്ളതോ, കേരളത്തിലെ ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ബോർഡ് വഴിയോ ലഭിച്ച സർട്ടിഫിക്കറ്റാണെങ്കിൽ നോർക്ക ഓഫീസ് വഴി എച്ച്.ആർ.ഡി, എം.ഇ.എ അറ്റസ്റ്റേഷനുകളും പിന്നീട് യു.എ.ഇ എംബസി അറ്റസ്റ്റേഷനും ചെയ്യാം.
മൈഗ്രേറ്റ് ചെയ്യുന്ന കുട്ടികൾക്ക് ബർത്ത് സർട്ടിഫിക്കറ്റ്, പി.ആർ ലഭിക്കാനുള്ള മാര്യേജ് സർട്ടിഫിക്കറ്റ്, ഇൻകം സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓരോ രാജ്യത്തിനും വ്യത്യസ്തമായ നിയമങ്ങളാണ് ഉള്ളത്. ജി.സി.സി, ഏഷ്യൻ രാജ്യങ്ങളിലേക്ക് ആണ് പോകുന്നതെങ്കിൽ ആദ്യം സർട്ടിഫിക്കറ്റുകൾ നോട്ടറൈസ് ചെയ്യണം. അടുത്ത പടിയായി സെക്രട്ടറിയേറ്റിലെ ഹോം ഡിപ്പാർട്ട്മെന്റ് അത് അറ്റസ്റ്റ് ചെയ്യണം. അത് കഴിഞ്ഞ് നോർക്ക റൂട്ട്സിൽ വന്ന് അതത് എംബസിയിലൂടെ അറ്റസ്റ്റേഷൻ ചെയ്യണം.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും മറ്റു സർട്ടിഫിക്കറ്റുകളും ഏത് സംസ്ഥാനത്താണോ അത് അനുവദിച്ച ഏജൻസിയുള്ളത് അതത് സംസ്ഥാനങ്ങൾ അറ്റസ്റ്റേഷൻ ചെയ്യണം. യൂറോപ്യൻ രാജ്യങ്ങളുടെ എംബസികൾ എല്ലാ സർട്ടിഫിക്കറ്റും ഒറിജിനലാണെന്ന് ഉറപ്പുവരുത്തിയിട്ടേ അറ്റസ്റ്റ് ചെയ്യൂ.
ഓപ്പറേഷൻ ശുഭയാത്ര
നോർക്ക റൂട്ട്സിനൊപ്പം വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, കേരളാ പോലീസ് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ശുഭയാത്ര. വിദേശത്തേക്കുളള അനധികൃത റിക്രൂട്ട്മെന്റുകൾ, വീസ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവ പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം.
ക്രൈംബ്രാഞ്ച് ഐ.ജി നോഡൽ ഓഫീസറായ ഒരു സ്റ്റേറ്റ് സെല്ലും, ജില്ലകളിൽ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റുകളും ഇതിനായി പ്രവർത്തിച്ചുവരുന്നു. വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്ന മലയാളികളെ ഇന്ത്യൻ എംബസി, പ്രവാസി സംഘടനകൾ എന്നിവരുടെ സഹായത്തോടെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് നിലവിൽ നോർക്ക വകുപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ട്. നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ് എന്നിവയ്ക്കെതിരെ കേരള പോലീസും നോർക്കയും ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്.
ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും ഇ-മെയിൽ ഐഡികളും നിലവിലുണ്ട്. വിദേശ തൊഴിൽത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും അറിയിക്കാം.
നോർക്ക-ഗ്ലോബൽ കോൺടാക്റ്റ് സെന്റർ
പ്രവാസികൾക്ക് നോർക്കയുമായി ബന്ധപ്പെടാൻ ഇപ്പോൾ ഒരു മിസ്ഡ് കോൾ മാത്രം മതി. നോർക്ക-ഗ്ലോബൽ കോൺടാക്റ്റ് സെന്റർ 0091 88020 12345 എന്ന നമ്പറിൽ ലഭ്യമാണ്. ഈ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ കോൾ ഡിസ്കണക്റ്റ് ആകുകയും അടുത്ത 30 സെക്കന്റിനുള്ളിൽ നോർക്ക-ഗ്ലോബൽ കോൺടാക്റ്റ് സെന്ററിൽ നിന്ന് തിരികെ കോൾ ലഭിക്കുകയും ചെയ്യും.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിളിക്കുന്നവർക്ക് 1800 425 3939 എന്ന ടോൾഫ്രീ നമ്പർ പ്രയോജനപ്പെടുത്താം. ടെലിഫോൺ വഴി മാത്രമല്ല, ലൈവ് ചാറ്റിലൂടെയും നോർക്കയുമായി ബന്ധപ്പെടാനാകും. നോർക്കയുടെ പദ്ധതികളും സേവനങ്ങളും അറിയുന്നതിനൊപ്പം തൊഴിൽ ചൂഷണം, അനധികൃത കുടിയേറ്റം, തൊഴിൽത്തട്ടിപ്പ് തുടങ്ങിയവയിലുള്ള പരാതികളും അറിയിക്കാം.
പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം, എൻ.ഐ.എഫ്.എൽ, റിക്രൂട്ട്മെന്റ്, സ്കിൽ അപ്ഗ്രഡേഷൻ ട്രെയിനിങ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കാം - 9400150793. അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് - 9746111260. മറ്റു വിവരങ്ങൾക്ക് - 9447890686.
നോർക്ക റൂട്ട്സിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ്, ട്വിറ്റർ, യൂട്യൂബ്, ലിങ്ക്ഡ് ഇൻ, ഡെയിലി ഹണ്ട്, ടെലഗ്രാം അക്കൗണ്ടുകളിൽ ലഭ്യമാണ്. നോർക്ക റൂട്ട്സ് വെബ്സൈറ്റ് www.norkaroots.org