Asianet News MalayalamAsianet News Malayalam

KSRTC : രണ്ട് യുവാക്കൾ മരിച്ച കുഴൽമന്ദം അപകടം, കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈഎസ് പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Non bailable section imposed in Kuzhalmannam ksrtc accident case
Author
First Published Apr 2, 2022, 9:45 AM IST

പാലക്കാട് : കുഴൽമന്ദത്ത് കെഎസ്ആർടിസി (KSRTC) ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ തുടരന്വേഷണത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈഎസ് പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവർ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. 

കഴിഞ്ഞ ഫെബ്രുവരി 7 നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകട ദൃശ്യങ്ങൾ, പുറത്തുവന്നതോടെ കെഎസ്ആർടിസി ഡ്രൈവർ മന: പൂർവ്വം അപകടമുണ്ടാക്കിയെന്ന ആരോപണം  ഉന്നയിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. 

കെഎസ്‌ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം; ബസ് ഡ്രൈവർ മനപൂർവമുണ്ടാക്കിയ അപകടമെന്ന് മൊഴി

കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ യുവാക്കൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട്  വെളിപ്പെടുത്തി. ഇടതു വശത്ത് മതിയായ സ്ഥലമുണ്ടായിട്ടും ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താന്‍ ബസ് ലോറിയോട് ചേര്‍ത്തെടുക്കുകയായിരുന്നുവെന്നാണ് സാക്ഷി പറയുന്നത്. 

പാലക്കാടുനിന്നും തുണിയെടുത്ത് വടക്കഞ്ചേരിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരികയായിരുന്നു വസ്ത്ര വ്യാപാരിയായ സാക്ഷി. ബസ് അമിത വേഗതയിലായിരുന്നു. പലതവണ ബ്രേക്കിട്ടപ്പോള്‍ തുണിക്കെട്ടുകൾ താഴെവീണു. ഇതോടെ ഡ്രൈവറോട് ഇക്കാര്യം തിരക്കാന്‍ എഴുന്നേറ്റപ്പോഴാണ് ബസ്, ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. "ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടായിരുന്നു ബസ് ഡ്രൈവര്‍ക്കുണ്ടായിരുന്നത്. ബൈക്കിനെ മറികടക്കാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും മന:പൂര്‍വ്വം ലോറിയോട് ചേര്‍ത്ത് ബസ്സടുപ്പിച്ചു. അങ്ങനെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ബൈക്ക് യാത്രികര്‍ വേഗത്തില്‍ മുന്നോട്ട് പോയതിൽ ദേഷ്യം പിടിച്ചാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയതെന്നും സാക്ഷി പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios