'ഇപിയും ഡിസിയും തമ്മിൽ കരാറില്ല, ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന്'; എസ്പിയുടെ റിപ്പോർട്ട്, ചോദ്യങ്ങൾ ബാക്കി

ഇ പി ജയരാജന്‍റെ ആത്മകഥ എങ്ങനെ ഡിസിയിലെത്തി, എന്തിന് ചോർത്തി എന്നതിൽ പൊലീസ് റിപ്പോർട്ടിൽ വ്യക്തതയില്ല.

No Written Deal between EP Jayarajan and DC Books to Publish Autobiography SP Handed Over Investigation Report to DGP But Some Questions Left

തിരുവനന്തപുരം: ഇ പി ജയരാജന്‍റെ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് പൊലീസ്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇപിയും ഡിസിയും തമ്മിൽ രേഖാമൂലം ധാരണാപത്രം ഇല്ലെന്നാണ് കോട്ടയം എസ് പിയുടെ അന്വേഷണ റിപ്പോർട്ട്. ചോർച്ച സ്ഥിരീകരിക്കുമ്പോഴും ആത്മകഥ എങ്ങനെ ഡിസിയിലെത്തി, എന്തിന് ചോർത്തി എന്നതിൽ പൊലീസ് റിപ്പോർട്ടിൽ വ്യക്തതയില്ല.

വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇപിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തൻറെ ആത്മകഥയല്ലെന്ന് ഇപി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇപിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ. ഡിസി ബുക്സിൻറെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്.

ഇ പി ജയരാജനും ഡിസി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. ചോർന്നത് ഡിസിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്. കരാറില്ലാതെ ഇപിയുമായി വാക്കാലുള്ള ധാരണയുടെ പുറത്ത് ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്നായിരുന്നു ഡിസി ബുക്സ് വിവാദ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. ആ വാദം ശരിവെക്കും വിധമാണ് പൊലീസ് കണ്ടെത്തൽ. 

ചോർന്നുവെന്ന് പറയുമ്പോഴും തുടർ നടപടിയിൽ കോട്ടയം എസ് പിയുടെ റിപ്പോർട്ടിൽ വ്യക്തതയില്ല. നിലവിൽ പകർപ്പവകാശ ലംഘനമെന്ന നിലക്ക് സിവിൽ കേസായാണ് പൊലീസ് കണക്കിലെടുക്കുന്നത്. ഗൂഢാലോചന ഉണ്ടെന്നായിരുന്നു ഇപിയുടെ നിലപാട്. പക്ഷെ ഗൂഢാലോചനയിലടക്കം കേസെടുക്കണമെങ്കിൽ പരാതിക്കാരനായ ഇപി കോടതിയെ സമീപിക്കണമെന്നാണ് പൊലീസ് നിലപാട്. ആദ്യം അന്വേഷണ റിപ്പോർട്ടിൽ പൂർണ്ണതയുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും അന്വേഷിക്കാൻ ഡിജിപി ആവശ്യപ്പെട്ടത്. ഡിജിപിയാണ് റിപ്പോർട്ടിൽ തുടർനടപടി എടുക്കേണ്ടത്.

'ആത്മകഥയ്ക്ക് പരിപ്പുവടയും കട്ടൻചായയും എന്ന് പേരായിരിക്കില്ല'; രണ്ടോ മൂന്നോ ഭാഗങ്ങൾ ഉണ്ടാകുമെന്ന് ഇ പി ജയരാജൻ

Latest Videos
Follow Us:
Download App:
  • android
  • ios