കെ-ഫോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, ഏഴ് മാസമായി; ലക്ഷ്യം കൈവരിക്കാനാകുന്നില്ല, സർക്കാരും കയ്യൊഴിയുന്നോ ?

53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചത് പകുതി തുക മാത്രമാണ്.

no target achieved K FON facing huge financial crisis apn

തിരുവനന്തപുരം : അഭിമാന പദ്ധതിയെന്ന് സര്‍ക്കാർ അടിക്കടി ആവര്‍ത്തിക്കുമ്പോഴും കെ ഫോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ കെ ഫോണിന് കഴിയാത്തതിന് പിന്നിൽ പണമില്ലാത്ത പ്രതിസന്ധിയും പ്രധാന ഘടകമാണ്. 53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചത് പകുതി തുക മാത്രമാണ്.

നികുതി ചെലവുകൾ മാറ്റി നിര്‍ത്തിയാൽ 1548 കോടിയുടെ ബൃഹത് പദ്ധതിയാണ് കെ ഫോൺ. ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്ന് പലതവണ മാറിയ പദ്ധതി ഒടുവിൽ ഉദ്ഘാടനം കഴിഞ്ഞിട്ടിപ്പോൾ ഏഴ് മാസമായി. പ്രഖ്യാപനങ്ങളൊന്നും സമയത്ത് നടന്നില്ലെന്ന വലിയ വിമര്‍ശനം ഒരുവശത്തുണ്ട്. പ്രവര്‍ത്തന മൂലധനം കണ്ടെത്താനാകാത്ത പ്രതിസന്ധി മറുവശത്തും. ബിപിഎൽ കുടുംബങ്ങടണ്ൾക്കുള്ള സൗജന്യ കണക്ഷൻ നൽകുന്നത് അടക്കം സര്‍ക്കാര് വാഗ്ദാനങ്ങൾ പാലിക്കേണ്ട കെ ഫോണിന് കഴിഞ്ഞ ബജറ്റിൽ 100 കോടി വകയിരുത്തിയിരുന്നു.

അത് സമയത്ത് നൽകിയില്ലെന്ന് മാത്രമല്ല ബജറ്റ് വിഹിതത്തിൽ നിന്ന് 53 കോടി ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അനുവദിച്ചത് 25 കോടി രൂപമാത്രമാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ വകയിൽ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 85 കോടിയും ധനവകുപ്പ് ഏറെനാൾ പിടിച്ച് വച്ച ശേഷമാണ് കെ ഫോണിന് കിട്ടിയത്. കിഫ്ബിയിൽ നിന്ന് എടുത്ത തുകക്ക് പ്രതിവര്‍ഷം 100 കോടി രൂപ വീതം കെ ഫോൺ തിരിച്ചടക്കണം. കെ ഫോണിന്‍റെ ഓഫീസ് സംവിധാനത്തിന് പ്രവര്‍ത്തിക്കാനും കെഎസ് ഇബിക്ക് വാടകയിനത്തിൽ കൊടുക്കേണ്ടതുമായ 30 കോടി വേറെയും വേണം.

ബെൽ കൺസോര്‍ഷ്യത്തിന് നൽകേണ്ട പരിപാലന ചെലവ് സര്‍ക്കാര്‍ നൽകില്ലെന്നും അത് കെ ഫോൺ സ്വയം സമാഹരിക്കണമെന്നുമാണ് വ്യവസ്ഥ. ചുരുക്കത്തിൽ 350 കോടിയുടെ ബിസിനസെങ്കിലും പ്രതിവര്‍ഷം നടത്താനായില്ലെങ്കിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. സൗജന്യ കണക്ഷൻ പ്രഖ്യാപിച്ചതിന്‍റെ മൂന്നിലൊന്ന് പോലുംപൂര്‍ത്തിയാക്കിയിട്ടില്ല. വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട ഗാര്‍ഹിക വാണിജ്യ കണക്ഷനുകളുടെ അവസ്ഥയും പരിതാപകരം. ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കെ ഫോണിനെ സര്‍ക്കാരും കയ്യൊഴിയുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios