എഡിഎം നവീൻ ബാബുവിന്റെ മരണം: ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ്
അന്വേഷണം ആദ്യ ഘട്ടത്തിലാണ്. ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ. അന്വേഷണം ആദ്യ ഘട്ടത്തിലാണ്. ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അത് പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ യാത്രയയപ്പ് വേളയിൽ അഴിമതിയാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിന്റെ മരണം. നവീൻ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പിപി ദിവ്യ സ്ഥാനമൊഴിയണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കണ്ണൂരിൽ പ്രതിഷേധം ശക്തമാണ്. കോൺഗ്രസ്, ബിജെപി, ലീഗ് പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തെളിവുകൾ നശിപ്പിച്ചു കൊണ്ടാണ് മൃതദേഹം വീട്ടിൽ നിന്നും കൊണ്ടുപോയതെന്ന് കോൺഗ്രസ് ആരോപിച്ചു.
താമസിക്കുന്ന സ്ഥലത്താണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് ട്രെയിനിൽ പോകേണ്ടതായിരുന്നു. ഇന്നലെ എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത്.