ഇന്ത്യയിൽ തുടർപഠനത്തിന് സാധ്യതയില്ല; എംബിബിഎസ് പഠനം പൂർത്തിയാക്കാൻ വിദ്യാർഥികൾ തിരികെ യുക്രെയ്നിലേക്ക്
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് നാട്ടിൽ പഠനം തുടരുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അനുമതിയില്ല. ഇത് ചോദ്യം ചെയ്തുള്ള ഹർജി ഒരു വർഷത്തിനിപ്പുറവും തീരുമാനമായിട്ടില്ല
കൊച്ചി: റഷ്യ യുക്രൈൻ യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ മടങ്ങിയെത്തിയ വിദ്യാർഥികളിൽ നല്ലൊരു ശതമാനം യുക്രൈനിലേക്ക് തിരിച്ച് പോവുകയാണ്. എംബിബിഎസ് തുടർ പഠനത്തിന് നാട്ടിൽ സാധ്യതകളില്ലാത്താണ് അപകട സാധ്യത അവഗണിച്ച് തിരിച്ച് പോകാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്.
ഒരു വർഷം മുമ്പ് ജീവനും കയ്യിൽപ്പിടിച്ച് യുക്രൈനിൽ നിന്ന് നാട്ടിലെത്തിയതാണ് വിദ്യാർഥികളിൽ ഏറെപ്പേരും. ആദ്യം ആശ്വസമായിരുന്നെങ്കിലും തുടർപഠനം വഴിമുട്ടിയതോടെ ആശങ്കയായി. പ്രായോഗിക പഠനം നിർണായകമാണെന്നതിനാൽ ഓൺലൈൻ ക്ലാസുകൾ മതിയാകില്ല. പക്ഷേ നടക്കുന്നത് ഓൺലൈൻ ക്ലാസുകൾ മാത്രം. തുടർപഠനം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് മാറ്റുക എന്നതാണ് ഇനിയുള്ള പോംവഴി. പക്ഷേ അതിന് ഇനിയും ഫീസടയ്ക്കണം. ഇതിന് നിവൃത്തിയില്ലാത്തവരാണ് യുക്രൈനിലേക്ക് സാഹസപ്പെട്ട് മടങ്ങുന്നത്.
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് നാട്ടിൽ പഠനം തുടരുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അനുമതിയില്ല. ഇത് ചോദ്യം ചെയ്തുള്ള ഹർജി ഒരു വർഷത്തിനിപ്പുറവും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥികളുടെ നിവൃത്തിയില്ലാത്ത മടക്കം.