നിപയിൽ പുതിയ കേസുകളില്ല, 9 വയസ്സുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, സമ്പർക്കപ്പട്ടികയിൽ 1233 പേർ
1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. 24മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട്: നിപ ബാധയിൽ ആശ്വാസമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുപോലെ ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്ക്കാലികമായി മാറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വാർത്ത പുറത്തുവന്നിരുന്നു. പ്രതീക്ഷ നിർഭരമാണ് കുട്ടിയുടെ സ്ഥിതി എന്നും ആരോഗ്യമന്ത്രി അറിയിച്ചു. 1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐ എം സി എച്ചിൽ 4 പേർ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 24മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സെക്കന്ററി തലത്തിലേക്ക് പോകുന്നില്ല. ആദ്യത്തെ നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്. പോസറ്റീവ് ആയ വ്യക്തികൾ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും പുതിയ മോണോ ക്ലോണോ ആന്റി ബോഡി എത്തിക്കാം എന്നാണ് ഐ സി എം ആർ അറിയിച്ചിരിക്കുന്നത്. നിപ പ്രതിരോധം പാളി എന്നൊക്കെ പറയുന്നത് ആളുകളിൽ ആശങ്ക ഉണ്ടാക്കുമെന്നും വീണ ജോർജ്ജ് ചൂണ്ടിക്കാണിച്ചു. ഒറ്റക്കെട്ടായാണ് പ്രവർത്തനം നടത്തുന്നത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തരുതെന്നും മന്ത്രി പറഞ്ഞു. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ളത് 352 പേരാണ്. അവരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്.
നിപ വൈറസ് : കോഴിക്കോട് എൻ.ഐ.ടിയിലും നിയന്ത്രണം, പരീക്ഷകൾ മാറ്റി, 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ