വായ്പാ തിരിച്ചടവില്ല, നിക്ഷേപങ്ങൾ തോന്നിയ പോലെ ഉപയോഗിക്കും; കോടികളുടെ നഷ്ടത്തിൽ റബ്കോ, ശമ്പളവും പ്രതിസന്ധിയിൽ 

നിക്ഷേപം തിരിച്ച് കൊടുക്കാനാകാത്തതിനാൽ ഈ തുക വര്‍ഷാവര്‍ഷം പലശയും പിഴപ്പലിശയും ചേർത്ത് പുതുക്കുകയാണ്. എല്ലാം ചേര്‍ത്ത് റബ്കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേക്ടിന്റെ കണ്ടെത്തൽ. 

no money for salary or Loan repayments kerala rubco crisis

തിരുവനന്തപുരം : വായ്പാ തിരിച്ചടവുകൾ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയാതോടെ കോടികളുടെ നഷ്ടത്തിലാണ് സഹകരണ സ്ഥാനമായ റബ്കോ. കഴിഞ്ഞ രണ്ട് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത പ്രതിസന്ധിയാണ് റബ്കോ നേരിടുന്നത്. സ്ഥാപനം കടക്കെണിയിലായത് മാത്രമല്ല, നിക്ഷേപങ്ങൾ നൽകിയ വിവിധ സഹകരണ ബാങ്കുകളെയും റബ്കോ പ്രതിസന്ധിയിലാക്കി.

1500 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്ന സംസ്ഥാനത്തെ പ്രമുഖ സഹകരണ പ്രസ്ഥാനമാണ് റബ്കോ. അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സ്ഥാപനം പക്ഷെ കോടിക്കണക്കിന് രൂപയുടെ നഷ്ടക്കണക്കിലാണ്. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി നിയമസഭയിൽ നൽകിയ കണക്ക് അനുസരിച്ച് റബ്കോയുടെ കടബാധ്യത 293 കോടി 80 ലക്ഷം രൂപയാണ്. 

2001 മുതൽ 2004 വരെ കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിന്ന് റബ്കോ സ്വീകരിച്ച നിക്ഷേപം 1 കോടി 2 ലക്ഷം രൂപ. വായ്പ സ്വീകരിച്ചതല്ലാതെ മുതലോ പലിശയോ തിരിച്ചടച്ചില്ലെന്ന് മാത്രമല്ല ബാധ്യത വളര്‍ന്ന് ഇപ്പോഴത് 7 കോടി 57 ലക്ഷം രൂപയായി. നിക്ഷേപത്തുക റബ്കോ തിരിച്ചടക്കാത്തത് കൊണ്ട് മാത്രം കോട്ടയം ജില്ല സഹകരണ ബാങ്ക് നിഷ്ക്രിയ ആസ്തിയാക്കിയത് 150 കോടി രൂപയാണ്.

ഇത് അടക്കം 450 ഓളം പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് റബ്കോ മടക്കി നൽകാനുള്ള സ്ഥിര നിക്ഷേപം 322.41 കോടി രൂപ വരും. നിക്ഷേപം തിരിച്ച് കൊടുക്കാനാകാത്തതിനാൽ ഈ തുക വര്‍ഷാവര്‍ഷം പലശയും പിഴപ്പലിശയും ചേർത്ത് പുതുക്കുകയാണ്. എല്ലാം ചേര്‍ത്ത് റബ്കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേക്ടിന്റെ കണ്ടെത്തൽ.

കടബാധ്യത കുറക്കാൻ സര്‍ക്കാര്‍ റബ്കോക്ക് സാമ്പത്തിക സഹായം ഒന്നും നൽകിയിട്ടില്ലെന്നാണ് സഹകരണ മന്ത്രി വിഎൻ വാസവൻ പറയുന്നത്. റബ്കോ പുനരുദ്ധാരണം പഠിക്കാൻ കോഴിക്കോട് ഇന്റൻ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനെ നിയോഗിച്ചിട്ടുണ്ട്. ഒന്നാംഘട്ട റിപ്പോര്‍ട്ടായെന്നു പറയുന്നുണ്ടെങ്കിലും തുടര്‍ നടപടികളിൽ തീരുമാനം ഒന്നും ആയിട്ടില്ല. ഈ പഠനത്തിന് കാശു മുടക്കുന്നത് സര്‍ക്കാരാണ്. കേരളാ ബാങ്കിന്‍റെ രൂപീകരണ വേളയിൽ റബ്കോയുടെ വായ്പാ ബാധ്യത ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios