ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാൻ ബാധ്യസ്ഥരാണ്. പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ലെന്നും വ്യക്തമാക്കി.
![no interfere in High Court order over Police investigation Hema Committee Report no interfere in High Court order over Police investigation Hema Committee Report](https://static-gi.asianetnews.com/images/01jev1c27675t4p2ce0m86t2bp/fotojet--68-_363x203xt.jpg)
ദില്ലി : സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചു കഴിഞ്ഞാൽ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാൻ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും, ഒരു നടിയും, അണിയറ പ്രവർത്തകയും നൽകിയ ഹർജിയാണ് കോടതി തീർപ്പാക്കിയത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്കും, എസ്‌ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.
കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ആർ. ബസന്ത്, സിദ്ധാർത്ഥ് ദാവെ, അഭിഭാഷകരായ എ. കാർത്തിക്, ആബിദ് അലി ബീരാൻ, സൈബി ജോസ് കിടങ്ങൂർ എന്നിവർ ഹാജരായി. സംസ്ഥാന വനിത കമ്മിഷന് വേണ്ടി എ. പാർവതി മേനോൻ, ഡബ്ല്യൂ.സി.സിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കര നാരായൺ എന്നിവർ ഹാജരായി. മറ്റ് കക്ഷികൾക്ക് വേണ്ടി സന്ധ്യ രാജു, പാരസ്നാഥ് സിങ്, രഞ്ജിത്ത് മാരാർ എന്നിവർ ഹാജരായി
read more ഹേമ കമ്മിറ്റി; മൊഴി നൽകിയ നടിയോട് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകുന്നതിനായി ഹാജരാകാൻ നോട്ടീസ്