ബസ് ചാർജ് വർദ്ധനയില്ല, സർക്കാർ നടപടിക്ക് കോടതിയുടെ അംഗീകാരം
ഉടമകൾക്ക് സാമ്പത്തിക ബാധ്യതയില്ലെന്നും, ലോക്ക്ഡൗണിന്‍റെയും കൊവിഡ് ഭീഷണിയുടെയും പശ്ചാത്തലത്തിൽ ബസ് ഉടമകൾക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട്. അതിനാൽ ഉടമകൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സർക്കാർ വാദിച്ചു.
കൊച്ചി: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഉയർത്തിയ ബസ് ചാർജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിന് എതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്. ഉയർത്തിയ ബസ് ചാർജ് കുറച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു.
ഉടമകൾക്ക് സാമ്പത്തിക ബാധ്യതയില്ലെന്നും, ലോക്ക്ഡൗണിന്‍റെയും കൊവിഡ് ഭീഷണിയുടെയും പശ്ചാത്തലത്തിൽ ബസ് ഉടമകൾക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട്. അതിനാൽ ഉടമകൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സർക്കാർ വാദിച്ചു. ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും സിംഗിൾ ബഞ്ചിന്‍റെ സ്റ്റേ നിയമപരമായി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. മോട്ടോർ വാഹന നിയമപ്രകാരം ചാർജ് വർദ്ധന അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന് തീരുമാനിക്കാൻ അവകാശമുണ്ട്. ഇതിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.
സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ബസ്സുകളിൽ 50% യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന സ്ഥിതിയിലായിരുന്നു ബസ് ചാർജ് നിരക്ക് കൂട്ടാൻ സർക്കാർ അനുവദിച്ചത്. എന്നാൽ ലോക്ക്ഡൗൺ ഇളവുവന്നതോടെ, ഈ നിരക്ക് വർദ്ധന സർക്കാർ പിൻവലിച്ചു. ഇതിനെതിരെയാണ് ഒരു വിഭാഗം ബസ്സുടമകൾ ഹൈക്കോടതിയിൽ എത്തിയത്. ലോക്ക്ഡൗൺ ഇളവുകൾ വരുമ്പോൾ ബസ് സർവീസ് നടത്തുന്നവരുടെ സാമ്പത്തികാവസ്ഥ കൂടി കണക്കിലെടുക്കണമെന്ന പരാമർശത്തോടെയാണ് സിംഗിൾ ബഞ്ച് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. ഈ നടപടിയാണ് ഡിവിഷൻ ബഞ്ച് തിരുത്തിയത്.
ഹൈക്കോടതി വിധി മാനിച്ച് പഴയ നിരക്കിൽ സർവീസ് നടത്താൻ ബസ് ഉടമകൾ തയ്യാറകണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. കൂടിയ നിരക്കിൽ സർവീസ് നടത്താം എന്ന് കോടതി പറഞ്ഞപ്പോൾ സർവീസ് നടത്താൻ കാണിച്ച താൽപര്യം ഈ വിധിയുടെ കാര്യത്തിലും കാണിക്കണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി ബസ് ഉടമകളുടെ ചില സംഘടനയിലെ നേതാക്കൾ ഉണ്ടാക്കിയതെന്നും മന്ത്രി വിമർശിക്കുന്നു.
എന്നാൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന കടുത്ത പരാമർശമാണ് ബസ്സുടമകൾ നടത്തുന്നത്. പക്ഷേ, സമരത്തിനില്ലെന്നും ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. സർക്കാരുമായി ഏറ്റുമുട്ടാനില്ല, പക്ഷേ കൈവിടരുത്, ഏത് ചർച്ചയ്ക്കും തയ്യാറാണ്. കൊവിഡ് കാലത്ത് ഇത്തരത്തിൽ ബസ് ചാർജ് കൂട്ടാതിരിക്കുന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നും ബസ്സുടമകൾ പറയുന്നു.