ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും, സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ; ബഹിഷ്കരണവുമായി മുന്നോട്ട്
നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്കൂളുടെ സംയുക്ത സമര സമിതി സമരം ആരംഭിക്കും. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമായിരിക്കും സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ നാളെ ഡ്രൈവിങ് സ്കൂളുകളുകളുടെ സംയുക്ത സമരസമിതി പ്രതിഷേധം. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.
അടിമുടി പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഡ്രൈവിങ് ടെസ്റ്റ് കര്‍ശന വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനെതിരെ തുടക്കം മുതൽ പ്രതിഷേധങ്ങളുണ്ട്. ട്രാക്കൊരുക്കുന്നതിൽ പോലും സ്കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്തകൾക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്കരണങ്ങൾ ബഹിഷ്കരിക്കുമെന്ന് ആദ്യം സിഐടിയു നിലപാടെടുത്തു.
തൊട്ട് പിന്നാലെ മറ്റ് സംഘടനകളും പിന്തുണയുമായെത്തി. സംസ്ഥാനമൊട്ടാകെ കരിദിനം ആചരിക്കാനാണ് ഡ്രൈവിങ് സ്കൂളുകളുടെ സംയുക്ത സമരസമിതി തീരുമാനം. നാളെ നടക്കുന്ന ടെസ്റ്റുകളോടും സഹകരിക്കില്ല. റോഡ് ടെസ്റ്റിനു ശേഷം 'എച്ച്' ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേര്‍ക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.