പിവി അൻവറിന് തിരിച്ചടി, ജനകീയ യാത്രയിൽ കോൺഗ്രസ് ലീഗ് നേതാക്കൾ പങ്കെടുക്കില്ല
ഇന്നുമുതൽ അഞ്ചാം തീയതി വരെ വന നിയമ ഭേദഗതി ബില്ലിനെതിരെ വയനാട് പാർലമെൻറ് മണ്ഡലത്തിലാണ് അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്.
കൽപ്പറ്റ : വന നിയമ ഭേദഗതിക്കെതിരായ പി വി അൻവറിന്റെ ജനകീയ യാത്രയ്ക്ക് തിരിച്ചടി. വയനാട്ടിലെ യാത്രയിൽ കോൺഗ്രസ് നേതാക്കളും ലീഗ് നേതാക്കളും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അൻവർ പ്രഖ്യാപിച്ചിരുന്നത്. പങ്കെടുക്കുമെന്ന് അറിയിച്ചിട്ടില്ലെന്നും അൻവറുമായി സഹകരണത്തിന് തയ്യാറല്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാടെന്നും വയനാട് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഇന്നുമുതൽ അഞ്ചാം തീയതി വരെ വന നിയമ ഭേദഗതി ബില്ലിനെതിരെ വയനാട് പാർലമെൻറ് മണ്ഡലത്തിലാണ് അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് യാത്ര. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പൊതുയോഗത്തോടെ തുടങ്ങുന്ന യാത്രയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ നിർവഹിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. ഐസി ബാലകൃഷ്ണൻ എംഎൽഎ ,ലീഗ് നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ താൻ പങ്കെടുക്കുമെന്ന് വാക്ക് നൽകിയിട്ടില്ലെന്നും ക്ഷണിച്ച വിവരം അറിയിച്ചപ്പോൾ പങ്കെടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചതെന്നും ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ പറഞ്ഞു. പാർട്ടി നിലപാട് എന്തായാലും അത് അനുസരിക്കുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎയും വ്യക്തമാക്കി. പരിപാടിയിലേക്ക് ക്ഷണിച്ചിരുന്ന ലീഗ് നേതാക്കളും സഹകരിക്കേണ്ടെന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
തദ്ദേശഭരണ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ വയനാട് ഉൾപ്പെടെയുള്ള മലബാർ മേഖലയിൽ സ്വാധീനം ഉണ്ടാക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത് .യുഡിഎഫ് നേതാക്കളെ പരിപാടികളിലെക്ക് ക്ഷണിച്ച് യുഡിഎഫുമായി അടുക്കാനുള്ള ശ്രമവും അൻവർ നടത്തുന്നുണ്ട്. എന്നാൽ പരിപാടികളിൽ പങ്കെടുക്കേണ്ടെന്ന യുഡിഎഫ് നിലപാട് അൻവറിന് ക്ഷീണം ആയിരിക്കുകയാണ്.