എൻ എം വിജയന്റെ മരണം; മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും
എൻ എം വിജയന്റെ കയ്യക്ഷരം പരിശോധിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എൻ എം വിജയന്റെ മൊബൈൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും രേഖകൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. കയ്യക്ഷരം പരിശോധിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാൻ ഔദ്യോഗിക രേഖകൾ പരിശോധിക്കും. അതിനായി ബാങ്കുകളെ ഉൾപ്പെടെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഈ രേഖകൾ ഫോറൻസിക് പരിശോധന നടത്തുന്നതിനായി കോടതിയിൽ അപേക്ഷകൾ നൽകും.
എൻ എം വിജയന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മൂത്ത മകൻ വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളല്ല, സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും അച്ഛൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകൻ വിജിലൻസിനോട് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മകൻ വിജിലൻസിന് മൊഴി നൽകിയത്. എൻ എം വിജയന്റെ ആത്മഹത്യയ്ക്ക് കാരണം കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളെന്ന കുടുംബത്തിൻ്റെ ആരോപണം കോൺഗ്രസ് നേതൃത്വം തള്ളി.
READ MORE: പുല്ലുപാറയിലെ കെഎസ്ആർടിസി ബസ് അപകടം; മരിച്ചവർക്ക് വേദനയോടെ യാത്രാമൊഴി നല്‍കി ജന്മനാട്