നിയമസഭ കയ്യാങ്കളികേസിൽ ഇന്ന് നിർണായക നടപടികൾ; പ്രതികളായ രണ്ട് മന്ത്രിമാർ കോടതിയിൽ ഹാജരാകും
മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് കോടതിയിൽ ഹാജരാകുന്നത്.
തിരുവനന്തപുരം: നിയമസഭ കൈക്കാങ്കളിക്കേസിൽ പ്രതികളായ രണ്ട് മന്ത്രിമാർ ഇന്ന് കോടതിയിൽ ഹാജരാകും. മന്ത്രി ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവരാണ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകുന്നത്. ബാർക്കോഴ കേസിൽ പ്രതിയായിരുന്നു കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് കോടതിയിൽ ഹാജരാകുന്നത്.
രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറുഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ഹർജി തള്ളിയതിനെ തുടർന്ന് നാല് ഇടതുനേതാക്കള്‍ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. 30000 രൂപ കെട്ടിവച്ചാണ് ജാമ്യമെടുത്തത്. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നത്. സർക്കാർ ഹർജയെ പിന്തുണച്ചില്ലെനന് പരാതിയിൽ സർക്കാരിന് വേണ്ടി ഹാജരായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീശിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജയിൽ കുമാറാകും ഇന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.