'കേരളത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനം' അഭിനന്ദിച്ച് നീതി ആയോഗ് അംഗം; വലിയ വികസനം നടക്കുന്നുവെന്ന് മന്ത്രി

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ്, മന്ത്രി വീണാ ജോര്‍ജുമായി നീതി ആയോഗ് മെമ്പര്‍ ചര്‍ച്ച നടത്തി

NITI Aayog appreciates the health sector NITI Aayog member held discussion with Minister Veena George

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍ ഡോ. വിനോദ് കെ. പോള്‍. കുട്ടികളുടെ ആരോഗ്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം. 

വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നീതി ആയോഗ് മെമ്പര്‍ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചത്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗ പ്രതിരോധത്തിനും കേരളം വലിയ പ്രാധാന്യം നല്‍കുന്നു. അര്‍ഹമായ കേന്ദ്ര വിഹിതം സമയബന്ധിതമായി ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. മെഡിക്കല്‍ കോളേജുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സഹായം ആവശ്യമാണ്. 

ബിപിഎല്‍ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ 23 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാല്‍ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം ആളുകള്‍ക്കാണ് ചികിത്സാ സഹായം നല്‍കുന്നത്.

ആ വിഹിതം സംസ്ഥാനമാണ് വഹിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കേന്ദ്ര വിഹിതം കൂട്ടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളും ചര്‍ച്ചയായി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, എന്‍എച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios