Asianet News MalayalamAsianet News Malayalam

നിപ ബാധ സംശയം; ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്, പ്രോട്ടോകോൾ നടപടികൾ തുടങ്ങി, അന്തിമ ഫലം കാത്ത് സംസ്ഥാനം

നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 

Nipah virus infection suspected Health Minister to Malappuram protocol process has started
Author
First Published Jul 20, 2024, 12:43 PM IST | Last Updated Jul 20, 2024, 1:29 PM IST

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.  ഇതിനായി ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നാലുമണിക്കാണ് മലപ്പുറത്ത് വീണ്ടും യോഗം ചേരുക. അപ്പോഴേക്കും ഫലം ലഭിക്കുമെന്നാണ് വിവരം. എന്നാൽ ഫലം വരാൻ കാത്തുനിൽക്കാതെ തന്നെ പ്രോട്ടോകോൾ  പ്രകാരമുള്ള  നടപടികൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിക്ക് പനി ബാധിച്ച് ആദ്യം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കാണിച്ചു ചികിത്സ നൽകിയിരുന്നു. ഭേദമാകാതെ വന്നതോടെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ കുട്ടിക്ക് ചെള്ള് പനി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് രോഗം മൂർച്ഛിച്ചതോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഇന്നലെയാണ് ഇവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, പ്രത്യേക സാഹചര്യത്തിൽ ഡിഎംഒയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പാണ്ടിക്കാട് കുടുംബ ആരോഗ്യ കേന്ദ്രത്തിലാണ് യോഗം ചേർന്നത്. നിപ്പ സംശയിക്കുന്ന കുട്ടിക്ക് നേരത്തെ ചെള്ള് പനി സ്ഥിരീകരിച്ചിരുന്നതായി ഡിഎംഒ പറഞ്ഞു. ചെള്ള് പനി ആണെങ്കിലും സ്‌ക്രീനിംഗ് ടെസ്റ്റിൽ പോസിറ്റീവ് ആകും.  

ചെള്ള് പനിക്കും നിപക്കും ഒരേ ലക്ഷണങ്ങൾ ആകാം. പ്രാദേശിക നിരീക്ഷണങ്ങൾ ഊര്ജിതമാക്കും. യോഗം വിളിച്ച് അതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. റിസൾട്ട് വരുന്നത് വരെ കാത്തിരിക്കാൻ ആകില്ലെന്നും, നിലവിൽ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

കുട്ടിക്ക് ഇതുവരെ നിപ സ്ഥിരീകരിച്ചിട്ടില്ല, വൈകിട്ട് ഫലം ലഭിക്കും, വിവരങ്ങൾ കൈമാറുമെന്നും മലപ്പുറം കളക്ടര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios