നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം മൂന്നായി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരത്ത് കളിയാട്ടത്തിനിടെയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38) ആണ് മരിച്ചത്

Nileswaram fireworks accident latest news; death toll increased to three young man who was being treated for burns died

കാസര്‍കോട്: നീലേശ്വരത്ത് കളിയാട്ടത്തിനിടെയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38) ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് മരണം. ശരീരത്തിന്‍റെ 50ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഡ്രൈവറായ ബിജു.

ഇതോടെ നീലേശ്വരം അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് രാവിലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് (32) മരിച്ചിരുന്നു. 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രതീഷ്. രക്ത സമ്മര്‍ദ്ദ കുറവും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിന് തകറാറുമുള്ളതിനെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ ആയിരുന്നു. പടക്കം പൊട്ടിയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി സന്ദീപും ഇന്നലെ മരിച്ചിരുന്നു. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. 

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊള്ളലേറ്റ് 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30 പേര്‍ ഐസിയുവിലാണ്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. ഒന്‍പത് പേര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നല്‍കിയ ജാമ്യം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരന്‍, സെക്രട്ടറി കെടി ഭരതന്‍, പടക്കത്തിന് തീ കൊളുത്തിയ രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുന്നതിന് മുമ്പ് തന്നെ കോടതി സ്വമേധയാ ജാമ്യം റദ്ദാക്കുകയായിരുന്നു.

പടക്കം പൊട്ടിച്ചത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് എന്നതും പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആളുകള്‍ കഴിയുന്നതും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയിരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ള അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവര‍് ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഘാടകര്‍ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അർധരാത്രി സ്റ്റേഷനിലേക്ക് കോൾ; സ്ഥലത്തെത്തിയ പൊലീസുകാർക്കുനേരെ കല്ലേറും അസഭ്യവർഷവും, 12പേർക്കെതിരെ കേസ്

'നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് വഹിക്കും'; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios