പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകും, 'അറസ്റ്റ് രാഷ്ട്രീയ പ്രേരിതം'

തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. 

Nilambur MLA PV Anwar brought to Tavanur Jail

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ  റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. 

14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.  നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്.  കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. 

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അൻവർ ആരോപിച്ചിരുന്നു.

അതിനിടെ അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. പി.വി അൻവർ എംഎൽഎയുടെ അറസ്റ്റിലെ സർക്കാരിൻറെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി വാർത്താക്കുറിപ്പിറക്കി. പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി വി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ ചോദിച്ചു. അൻവറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.  

നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അൻവറിന്‍റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വൻ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്‍റെ വീട്ടിലെത്തിയത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്‍റെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നും അന്‍വര്‍ വിമര്‍ശിച്ചു. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. എത്ര കൊലക്കൊമ്പൻമാരാണ് ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കിൽ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാൻ പിണറായിക്കെതിരായത്  മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാൾ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു.

അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് വനനിയമ ഭേദഗതിക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായാണെന്ന് അൻവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios