വേദന മറന്ന് അരങ്ങ് കീഴടക്കിയ നിള നൗഷാദ്; കലോത്സവത്തിലെ മികച്ച നടി, ഒപ്പം കലക്കൻ താരവും

"സ്റ്റേജിൽ കയറി കഴിഞ്ഞാൽ നമുക്ക് ഇതൊന്നും ഒർമ്മ ഉണ്ടാവില്ലല്ലോ. അതിന് ഏറ്റവും വലിയ ഉദാഹരണം എന്റെ പപ്പ തന്നെയാണ്. തച്ചോളി ഒതേനൻ എന്ന നാടകം സ്റ്റേജിൽ കളിക്കുന്ന സമയത്ത് തലയ്ക്ക് പപ്പയ്ക്ക് വെട്ടേറ്റിരുന്നു. അവിടെ മുഴുവൻ ചോരയായിരുന്നു. പക്ഷേ നാടകം പൂർത്തിയാക്കിയ ശേഷമല്ലാതെ അദ്ദേഹം ആശുപത്രിയിൽ പോയില്ല". 

nila noushad best actress in school kalolsavam 2023

നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും കീഴടക്കാം എന്ന് കലോത്സവ വേദിയിലൂടെ മലയാളികളെ പഠിപ്പിച്ച വിദ്യാർത്ഥിനി ആണ് നിള നൗഷാദ്. പരിക്കേറ്റ കാലുമായി അരങ്ങ് കീഴടക്കിയ നിള തന്നെയാണ് ഇത്തവണത്തെ സ്കൂൾ കലോത്സവത്തിലെ മികച്ച നടിയും. സൂചിക്കുഴയിലെ യാക്കൂബ് എന്ന നാടകത്തിലെ അഭിനയമാണ് നിളയെ അം​ഗീകാരത്തിന് അർഹയാക്കിയത്. 

നടക്കാവ് ​ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നിള നൗഷാദ്. മത്സരമടുത്ത ദിവസങ്ങളിലാണ് നിളയുടെ കാലിന് ഉളുക്ക് പറ്റുന്നത്. യാക്കൂബ് എന്ന അപ്പൻ റോൾ ചെയ്യാൻ നിളയ്ക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ലെന്ന് കൂട്ടുകാർ പറഞ്ഞതോടെ, വേദന സഹിച്ച് സ്റ്റേജിൽ കയറാൻ നിള തീരുമാനിക്കുക ആയിരുന്നു. ഒപ്പം കൂട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും. തളരാനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നിള സ്റ്റേജിലേയ്ക്ക് എത്തിയത്. പിന്നീട് അരങ്ങിൽ കണ്ടതാകട്ടെ യാക്കൂബെന്ന മധ്യവയസ്ക്കനായി നിളയുടെ പകർന്നാട്ടവും. കാലിലെ കെട്ടഴിക്കാതെ വേദന മറന്നുള്ള പ്രകടനം കാണികൾ ഏറ്റെടുത്തു. 

വിവിധ ഭാവങ്ങൾ മാറിമാറി അഭിനയിച്ച് നിറഞ്ഞാടിയ നിളയെ നിറഞ്ഞ ഹർഷാരവത്തോടെ ആയിരുന്നു വേദി സ്വീകരിച്ചത്. ഒടുവിൽ കലോത്സവത്തിലെ മികച്ച നടിയായി നിളയെ തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒപ്പം ഏഷ്യാനെറ്റ് ന്യൂസിന്റെ കലക്കൻ താരം എന്ന ആദരവും നിളയെ തേടി എത്തി. വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് ആണ് നിളയ്ക്ക് ആദരം സമ്മാനിച്ചത്. 

പുരസ്കാര നിറവിൽ നിൽക്കുമ്പോൾ അച്ഛനാണ് തന്റെ  പ്രചോദനമെന്ന് പറയുകയാണ് നിള."സ്റ്റേജിൽ കയറി കഴിഞ്ഞാൽ നമുക്ക് ഇതൊന്നും ഒർമ്മ ഉണ്ടാവില്ലല്ലോ. അതിന് ഏറ്റവും വലിയ ഉദാഹരണം എന്റെ പപ്പ തന്നെയാണ്. തച്ചോളി ഒതേനൻ എന്ന നാടകം സ്റ്റേജിൽ കളിക്കുന്ന സമയത്ത് തലയ്ക്ക് പപ്പയ്ക്ക് വെട്ടേറ്റിരുന്നു. അവിടെ മുഴുവൻ ചോരയായിരുന്നു. പക്ഷേ നാടകം പൂർത്തിയാക്കിയ ശേഷമല്ലാതെ അദ്ദേഹം ആശുപത്രിയിൽ പോയില്ല. അഞ്ച് തയ്യലുണ്ടായിരുന്നു. സ്റ്റേജിൽ കയറിക്കഴിഞ്ഞാൽ വേദനയൊന്നും അറിയില്ലെന്ന് പപ്പ പറയാറുണ്ട്. അതാണ് ഞാൻ അനുഭവിച്ചത്", എന്ന് നിള പറയുന്നു. 

ഭാവി തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ "നാടകം പഠിക്കണം എന്നാണ് വലിയ ആ​ഗ്രഹം. ഭാവിയിൽ കുറേനാടകങ്ങൾ ചെയ്യണം. അഭിനയിക്കണം. അത് തന്നെയാണ് എന്റെ സ്വപ്നവും. കലോത്സവത്തോടെ അത് അവസാനിക്കില്ല", എന്നായിരുന്നു നിളയുടെ മറുപടി. 

കുട്ടികൾ മാത്രമല്ല വേദിയും ഡബിൾ സ്ട്രോങ്ങാ..; 30 വർഷമായി കലോത്സവത്തിന് പന്തലൊരുക്കുന്ന ഉമ്മർ

Latest Videos
Follow Us:
Download App:
  • android
  • ios