ശക്തി കൂടിയ ന്യുനമർദം തീവ്ര ന്യുനമർദമാകും, ന്യുനമർദപാത്തിയും പുതിയ ന്യുനമർദവും; ഒരാഴ്ച വ്യാപകമഴ, മുന്നറിയിപ്പ്
വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന ന്യുനമർദ്ദം അടുത്ത 2 - 3 ദിവസത്തിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്
തിരുവനന്തപുരം: കേരളത്തില്‍ ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 13 മുതൽ 14 തീയതികളിൽ അതിശക്തമായ മഴയ്ക്കും 10 മുതല്‍ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ - കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറി.
വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന ന്യുനമർദ്ദം അടുത്ത 2 - 3 ദിവസത്തിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ന്യുനമർദ്ദത്തിൽ നിന്ന് കേരള കർണാടക വഴി തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 12 ഓടെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ 13ന് ഓറഞ്ച് അലർട്ടുണ്ട്. 14ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. 13ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 14ന് ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം