ലിജീഷ് മുമ്പും കവ‍ർച്ച നടത്തി, നിർണായകമായത് വിരലടയാളം; മോഷണമുതൽ സൂക്ഷിച്ചത് കട്ടിലിനടിയിലെ പ്രത്യേക അറയിൽ

വളപട്ടണം കവര്‍ച്ചാ കേസിൽ അറസ്റ്റിലായ ലിജീഷ് കഴിഞ്ഞ വര്‍ഷം കീച്ചേരിയിലും മോഷണം നടത്തി. വളപട്ടണത്തെ മോഷണമുതൽ സൂക്ഷിച്ചത് കട്ടിലിനടിയിലെ പ്രത്യേക അറയിൽ. അന്വേഷണത്തിൽ നിര്‍ണായക തെളിവായി വിരലടയാളം.

 neighbour arrested Valapattanam robbery latest news accused lijeesh kept the money and gold in a special compartment under the bed after the theft

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്തെ വീട് കുത്തിതുറന്ന് 300 പവൻ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തിൽ അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല. ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയിൽ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നിൽ ലീജിഷ് ആണെന്ന് വ്യക്തമായത്.ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. 

വളടപട്ടണത്ത് മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയാണ് പിടിയിലായ ലിജീഷ്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അഷ്റഫിന്‍റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു. 

മൂന്നുമാസം മുമ്പ് ഗള്‍ഫിൽ പോയി തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനൽ ഇളക്കിയാണ് മോഷണം നടത്തിയത്.  കഴിഞ്ഞ വര്‍ഷം കീച്ചേരിയിൽ മോഷണം നടത്തിയതും ജനൽ ഗ്രിൽ ഇളക്കിയായിരുന്നു. കീച്ചേരിയിൽ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. വളപട്ടണത്തെ മോഷണ കേസിൽ ലിജീഷ് പിടിയിലായതിന്‍റെ ആശ്ചര്യത്തിലാണ് നാട്ടുകാര്‍. കണ്ടാൽ സാധുവായ ആരുമായും പ്രശ്നത്തിന് പോകാത്തയൊരാള്‍ ഇത്രവലിയ മോഷണ കേസിൽ അറസ്റ്റിലായതിന്‍റെ ആശ്ചര്യമുണ്ടെന്നും അടുത്തറിയുന്നവര്‍ക്ക് ചിലപ്പോള്‍ അയാളുടെ യഥാര്‍ഥ സ്വഭാവം അറിയുമായിരിന്നിരിക്കാമെന്നും നാട്ടുകാര്‍ പറഞ്ഞു. 

സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. വെൽഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനടിയൽ ലോക്കറുണ്ടാക്കുകയായിരുന്നു.അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിനം വീണ്ടും ലിജീഷ്എ ത്തിയത് സ്വർണ്ണവും ബാക്കിയുള്ള പണവും എടുക്കാനായിരുന്നുവെന്നും പൊലീസിന് മൊഴി നൽകി. ലിജീഷിനെ പിടികൂടിയതിന് പിന്നാലെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ ലഡ്ഡു വിതരണം ചെയ്താണ് പൊലീസുകാര്‍ ആഘോഷിച്ചത്. ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതൽ സഹിതം പിടികൂടാനായതിന്‍റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും.

വളപട്ടണം കവര്‍ച്ച: പ്രതി പിടിയിൽ, അറസ്റ്റിലായത് വീട്ടുടമസ്ഥന്‍റെ അയൽവാസി, പണവും സ്വര്‍ണവും കണ്ടെടുത്തു

 

Latest Videos
Follow Us:
Download App:
  • android
  • ios