പതിനെട്ട് അടവുകളും പാളി, വഴങ്ങാതെ മുഖ്യമന്ത്രി; മന്ത്രി മാറ്റത്തിൽ നിന്ന് പിന്നോട്ട് പോയി എൻസിപി
ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എൻസിപി വഴങ്ങിയത്.
തിരുവനന്തപുരം: മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയി എൻസിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എൻസിപി വഴങ്ങിയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു. ശശീന്ദ്രനും ചാക്കോയും തോമസ് കെ തോമസും ഒരുമിച്ച് സംസ്ഥാന പര്യടനം നടത്തും.
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മന്ത്രിയെ മാറ്റാനാകാതെ നാണം കെട്ട് പിൻവാങ്ങി എൻസിപി സംസ്ഥാന നേതൃത്വം. ദേശീയ നേതൃത്വവും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്‍റുമാരും തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനൊപ്പമായിട്ടും നടക്കാതെ പോയതിന് കാരണം മുഖ്യമന്ത്രിയുടെ ഒറ്റ നിലപാട്. ഇന്നലെ രാത്രിയിലെ കൂടിക്കാഴ്ചയിലും തോമസ് പറ്റില്ലെന്ന് പിണറായി വിജയൻ ചാക്കോയോട് തീർത്തുപറഞ്ഞു. ഇന്ന് ചേർന്ന ഭാരവാഹിയോഗത്തിൽ ഒടുവിൽ ചാക്കോ വ്യക്തമാക്കി. ഇനി മന്ത്രിമാറ്റത്തിന് അവകാശവാദം ഉന്നയിക്കില്ല. ഇതോടെ ഐക്യസന്ദേശം പാർട്ടിക്കാർക്ക് നൽകണമെന്നായി ഭാരവാഹികളുടെ നിലപാട്. അങ്ങനെ മന്ത്രിയെ മാറ്റാൻ ശ്രമിച്ച പ്രസിഡണ്ടും എംഎൽഎയും മന്ത്രിക്കൊപ്പം സംസ്ഥാന പര്യടനത്തിന് തീരുമാനിച്ചു. 15 മുതൽ 30 വരെ ജില്ലകളിൽ ഐക്യസന്ദേശവുമായി പര്യടനം. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്ന ഉറപ്പ് കൂടി തോമസ് കെ തോമസിന് ലഭിച്ചതായും വിവരമുണ്ട്.