എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും, എന്‍സിപി മന്ത്രിമാറ്റം ഉടനില്ല; കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി. കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും
.
തിരുവനന്തപുരം: എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി നീക്കം അംഗീകരിക്കാതെ മുഖ്യമന്ത്രി. തോമസ് കെ തോമസിന്‍റെ കാര്യത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ച മുഖ്യമന്ത്രി കാത്തിരിക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി. കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും.
ദേശീയ-സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടും മന്ത്രിയായി തുടരാൻ കഴിഞ്ഞ് എ കെ ശശീന്ദ്രൻ. പിസി ചാക്കോയുടെയും തോമസ് കെ തോമസിൻ്റെയും അവസാനവട്ട നീക്കത്തിന് തടയിട്ടത് മുഖ്യമന്ത്രി. ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് പാർട്ടി തീരുമാനമെന്ന കാര്യം എൻസിപി നേതാക്കൾ ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ അറിയിച്ചു. ചാക്കോക്കും തോമസിനുമൊപ്പം ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു. പക്ഷെ തോമസ് ഉൾപ്പെട്ട ചില വിവാദങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിൽ ചില വിശദീകരണത്തിന് തോമസ് ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി കാത്തിരിക്കാൻ ആവശ്യപ്പെട്ടതോടെ ശശീന്ദ്രൻ വീണ്ടും സേഫായി.
മുഖ്യമന്ത്രിയുടെ നിലപാട് ചാക്കോ ശരത് പവാറിനെ അറിയിക്കും. വൈകിയാലും മന്ത്രിമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചാക്കോയും തോമസ് കെ തോമസും. അതേസമയം മന്ത്രി പാർട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ അതിൽ മുഖ്യമന്ത്രി തടയിടുന്നതിൽ കടുത്ത അതൃപ്തിയിലാണ് ചാക്കോ. സസ്ഥാന പ്രസിഡന്‍റും ദേശീയ അധ്യക്ഷനനും കൈകോർത്തിട്ടും മന്ത്രിസ്ഥാനത്ത് തുടരാനയതിൻ്റെ ആശ്വാസത്തിലാണ് ശശീന്ദ്രൻ.