Maharashtra Crisis : കൂടുതൽ എംഎൽഎ മാർ ഗുവാഹത്തിയിലേക്ക്; പ്രശ്നപരിഹാരത്തിനായി ശരദ് പവാർ
സർക്കാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ശരദ് പവാർ പറഞ്ഞു. ആവശ്യമെങ്കിൽ ഷിൻഡേയെ മുഖ്യമന്ത്രി ആക്കുന്നത് പരിഗണിക്കണം എന്നാണ് ശരദ് പവാറിന്‍റെ നിലപാട്.
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. കൂടുതൽ വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എംഎൽഎമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പ്രശ്നപരിഹാരത്തിനായി ശരദ് പവാർ രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ശരദ് പവാറും നാനാ പട്ടേളയും കൂടിക്കാഴ്ച നടത്തുകയാണ്. സർക്കാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ശരദ് പവാർ പറഞ്ഞു. ആവശ്യമെങ്കിൽ ഷിൻഡേയെ മുഖ്യമന്ത്രി ആക്കുന്നത് പരിഗണിക്കണം എന്നാണ് ശരദ് പവാറിന്‍റെ നിലപാട്. മന്ത്രിസഭാ പുനഃസംഘടന ആലോചിക്കാമെന്ന നിർദേശവും കൂടിക്കാഴ്ചയിൽ ശരദ് പവാർ മുന്നോട്ട് വെച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. സഖ്യം അവസാനിപ്പിക്കണമെന്ന് ആവർത്തിക്കുകയാണ് വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ. ഇതിനിടെയാണ്, മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമത എംഎൽഎമാരെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജിസന്നദ്ധതാ പ്രഖ്യാപനം വന്നത്. ഒരു വിമത എംഎൽഎയെങ്കിലും മുഖത്ത് നോക്കി പറഞ്ഞാൽ രാജിവയ്ക്കാമെന്നാണ് ഉദ്ദവ് താക്കറെ ഫേസ്ബുക്ക് വൈലിൽ പറഞ്ഞത്. രാജിക്കത്ത് തയ്യാറാണെന്നും ഉദ്ദവ് വ്യക്തമാക്കിയിരുന്നു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎൽമാരെ കാണാനില്ല. ചിലരെ സൂറത്തിൽ കണ്ടു. ചില എംഎൽഎമാര്‍ തിരികെ വരാൻ ആശിക്കുന്നുണ്ടെന്നും പറഞ്ഞ ഉദ്ദവ് താക്കറെ, എതിര്‍പ്പ് നേരിട്ടറിയിക്കാന്‍ ഏക്നാഥ് ഷിൻഡേയെ വെല്ലുവിളിച്ചു.
അതേസമയം, പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയുടെ വസതിയിൽ ഉദ്ദവ് താക്കറെയുമായി എൻസിപി അധ്യക്ഷൻ ശരദ് പവാറും കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെയും കൂടിക്കാഴ്ച നടത്തുകയാണ്. സർക്കാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്നാണ് ശരദ് പവാറിന്‍റെ നിലപാട്.
ഒരാൾ അവിശ്വാസം നേരിട്ട് അറിയിച്ചാല്‍ ഉടന്‍ രാജിയെന്ന് ഉദ്ദവ് താക്കറെ
തന്നോട് മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടത് ശരദ് പവാറാണ്. മുഖ്യമന്ത്രി എന്ന രീതിയിൽ മികച്ച രീതിയിൽ ഉത്തരവാദിത്തം നിറവേറ്റി. പവാറും കമൽനാഥും തന്നിൽ വിശ്വാസം അറിയിച്ചിട്ടുണ്ട്. സ്വന്തം എംഎൽഎമാർക്ക് വിശ്വാസം ഇല്ലായിരുന്നെങ്കിൽ താന്‍ മാറാമായിരുന്നു. സൂറത്തിൽ പോയി നാടകം വേണ്ടായിരുന്നുവെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ഒരാൾ അവിശ്വാസം നേരിട്ട് അറിയിച്ചിരുന്നെങ്കിൽ സ്ഥാനമൊഴിയും. മുഖ്യമന്ത്രി സ്ഥാനം തന്നെ ഒട്ടും മോഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, വിയോജിപ്പ് തന്നോട് നേരിട്ട് പറഞ്ഞാൽ രാജി എഴുതി കയ്യിൽ നൽകുമെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം വെല്ലുവിളികളിൽ പതറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജി കത്ത് വരെ തയ്യാറാണ്. ഷിൻഡേ നേരിട്ട് ആവശ്യപ്പെട്ടാൽ രാജി നൽകാന്‍ താന്‍ ഒരുക്കമാണെന്നും സർക്കാർ താഴെ വീണാലും നേരിടാൻ തയ്യാറെന്നും ഉദ്ദവ് പറഞ്ഞു. പ്രതിപക്ഷത്തെ ആവശ്യത്തിന് വഴങ്ങി രാജിവെക്കാൻ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.