ബിനീഷിനെതിരെ നിർണായക നീക്കവുമായി എൻസിബി, കസ്റ്റഡി അപേക്ഷ നൽകി
ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ് കണ്ടെത്തൽ. ഇതുമായിബന്ധപ്പെട്ട കേസ് വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു.
ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്കെതിരെ എൻസിബി നീക്കം. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻസിബിയും കോടതിയിൽ അപേക്ഷ നൽകി. ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻസിബിയുടെ നിർണായക നീക്കം.
ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ് കണ്ടെത്തൽ. ഇതുമായിബന്ധപ്പെട്ട കേസ് വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഉച്ചയോടെ ബിനീഷിനെ ബെംഗ്ളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിൽ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കും. രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ ഇതുവരെ ഇഡി ചോദ്യം ചെയ്തത്.