'നവകേരള സദസില്‍ പരാതി, അതിവേഗം ധനസഹായം'; തുക ലഭിച്ചത് പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടമായ കുടുംബത്തിന് 

ദുരന്തപ്രതികരണ നിധിയില്‍ നിന്നും 1,30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2,70,000 രൂപയും ചേര്‍ത്താണ് നാല് ലക്ഷം രൂപ അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍.

navakerala sadas complaint quick financial assistance to widow for rebuild house joy

തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ നവകേരള സദസില്‍ അപേക്ഷ നല്‍കിയ വിധവയ്ക്ക് അതിവേഗം സഹായം. അടൂര്‍ മാരൂര്‍ സൂര്യഭവനത്തില്‍ ശ്യാമളയ്ക്കാണ് നവകേരള സദസില്‍ നല്‍കിയ അപേക്ഷയിലൂടെ ധനസഹായം ലഭിച്ചത്. ശ്യാമളയുടെ വീടിന്റെ പുനര്‍നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്തപ്രതികരണ നിധിയില്‍ നിന്നും 1,30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2,70,000 രൂപയും ചേര്‍ത്താണ് നാല് ലക്ഷം രൂപ ഇവര്‍ക്ക് അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

'2023 മാര്‍ച്ച് ആറിനാണ് ശ്യാമളയും മകളും താമസിച്ചിരുന്ന വീട് പ്രകൃതിക്ഷോഭത്തില്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നത്. വീട് നഷ്ടപ്പെട്ടതോട് കൂടി മറ്റാരുടെയും ആശ്രയമില്ലാത്ത ശ്യാമളയും മകളും തൊട്ടടുത്ത് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. പ്രകൃതിക്ഷോഭത്തിലെ ധനസഹായത്തിനായി സംസ്ഥാന ദുരന്ത സഹായ നിധിയിലേക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ തഹസീല്‍ദാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് എന്നിവര്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീഴുകയും അടിത്തറയ്ക്കും ഭിത്തിക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി കണ്ടെത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. 95 ശതമാനം തകര്‍ന്ന വീട് വാസയോഗ്യമല്ലെന്നും പരിശോധനയില്‍ വ്യക്തമായി.' പിന്നീട് നവകേരള സദസില്‍ ലഭിച്ച ശ്യാമളയുടെ അപേക്ഷ പരിശോധിച്ചതില്‍ അവര്‍ ധനസഹായത്തിന് അര്‍ഹയാണെന്ന് മനസിലാക്കി അടിയന്തര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നെന്ന് സർക്കാർ അറിയിച്ചു.

തുടര്‍ന്നാണ് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പൂര്‍ണ ഭവന നാശത്തിന് മലയോര പ്രദേശത്ത് അനുവദിക്കേണ്ട പരമാവധി ആശ്വാസ തുകയായ 1,30,000 രൂപ അനുവദിച്ചത്. വിധവയും പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ആളുമായ ശ്യാമളയുടെ സ്ഥിതി ഒരു പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2,70,000 രൂപ കൂടി അടിയന്തരമായി അനുവദിക്കുകയായിരുന്നു. ഇതോടെ നാല് ലക്ഷം രൂപ ധനസഹായമായി ശ്യാമളയ്ക്ക് ലഭിക്കും. 

75 ലക്ഷത്തിന്റെ ഭാഗ്യം അതിഥി തൊഴിലാളിക്ക്, 'ഭയം', മലയാളികള്‍ക്കൊപ്പം സുരക്ഷ തേടി പൊലീസ് സ്റ്റേഷനില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios