നവകേരള ബസ് വീണ്ടും കോഴിക്കോട് ബംഗലൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങി,37 സീറ്റുകള്‍, ടിക്കറ്റ് നിരക്ക് 910രൂപ
എസ്കലേറ്ററും പിന്‍ഡോറും ഒഴിവാക്കി മുന്നിലൂടെ കയറാവുന്ന രീതിയിലാണ് പുതിയ വാതില്‍ സജ്ജീകരിച്ചിട്ടുളളത്
കോഴിക്കോട്: ഒരു ഇടവേളയ്ക്ക് ശേഷം നവകേരള ബസ് വീണ്ടും സര്‍വീസ് തുടങ്ങി. കോഴിക്കോട് ബംഗലൂരു റൂട്ടിലാണ് സര്‍വീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയുമാണ് സര്‍വീസ് പുനരാരംഭിച്ചത്.
ഒരു മാസത്തോളം രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധയത്രയും ആകര്‍ഷിച്ച നവകേരള ബസ്. കേരളമൊട്ടുക്ക് സംഘടിപ്പിച്ച നവകേരള സദസുകളിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ച ബസ് മ്യൂസിയത്തില്‍ വച്ചാല്‍ പോലും കാണാന്‍ ജനം ടിക്കറ്റ് എടുത്ത് ക്യൂ നില്‍ക്കുമെന്നു വരെയുളള വാഴ്ത്തുപാട്ടുകള്‍. ഒടുവില്‍ സര്‍വീസ് തുടങ്ങിയപ്പോഴാകട്ടെ പലതരം തകരാറുകളാല്‍ സര്‍വീസ് പലവടട്ടം മുടങ്ങി. ഇപ്പോള്‍ പുതുവര്‍ഷ ദിനം വീണ്ടും ഓടിത്തുടങ്ങിയിരിക്കുകയാണ് കെ ബസ് എന്ന് വളിപ്പേര് വന്ന നവകേരള ബസ്.
കോഴിക്കോട് നിന്ന് രാവിലെ 8.30നും തിരികെ ബംഗലൂരുവില്‍ നിന്ന് രാത്രി 10.30നുമാണ്ബസ്. എല്ലാ ദിവസവും സര്‍വീസുണ്ട്. 910രൂപയാണ് ടിക്കറ്റ് നിരക്ക്. 11 സീറ്റുകള്‍ അധികമായി സജ്ജീകരിച്ചതോടെ നിലവില്‍ 37 സീറ്റുകള്‍ബസിലുണ്ട്. എസ്കലേറ്ററും പിന്‍ഡോറും ഒഴിവാക്കി മുന്നിലൂടെ കയറാവുന്ന രീതിയിലാണ് പുതിയ വാതില്‍ സജ്ജീകരിച്ചിട്ടുളളത്.
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പുളളത്. നവീകരണം പൂര്‍ത്തിയാക്കിയ ശേഷം ബംഗലൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ബസ് കോഴിക്കോട്ട് എത്തിച്ചത്.