നവ കേരള സദസ്സ്: പ്രഭാത യോഗത്തിൽ അതിഥിയായെത്തി പാട്ടുഗ്രാമത്തിലെ തത്തമ്മ; കലാകാരന്മാർക്ക് ആനൂകൂല്യം ആവശ്യം
സംസ്ഥാന സർക്കാർ 2023 ൽ പാട്ടുഗ്രാമമായി പ്രഖ്യാപിച്ച വാൽമുട്ടിയിൽ എല്ലാവരും പാട്ടുകാരാണ്
പാലക്കാട്: നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്ത് വാൽമുട്ടി പാട്ടുഗ്രാമത്തിലെ തത്തമ്മ. 2021 ലെ ഫോക് ലോർ അക്കാദമി ജേതാവായ തത്തമ്മ (70) വാൽമുട്ടി ഗ്രാമത്തെ പ്രതിനിധീകരിച്ചാണ് യോഗത്തിൽ എത്തിയത്. തുയിലുണർത്തുപാട്ട് ഗായികയായ തത്തമ്മ കുട്ടിക്കാലം മുതൽ കേട്ടു പഠിച്ച പാട്ടുകളാണ് വേദികളിൽ അവതരിപ്പിക്കുന്നത്.
കൂടാതെ കഥകൾ അടിസ്ഥാനമാക്കി പുതിയ പാട്ടുകളും തത്തമ്മ ഉണ്ടാക്കാറുണ്ട്. സംസ്ഥാന സർക്കാർ 2023 ൽ പാട്ടുഗ്രാമമായി പ്രഖ്യാപിച്ച വാൽമുട്ടിയിൽ എല്ലാവരും പാട്ടുകാരാണ്. 60 കുടുംബങ്ങളാണ് പാട്ടുഗ്രാമത്തിൽ ഉള്ളത്. പുതിയ കുട്ടികളെയും ഗ്രാമത്തിൽ തന്നെ ആണ് പഠിപ്പിക്കുന്നത്.
പാട്ടുഗ്രാമമായി പ്രഖ്യാപിച്ച ശേഷം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ രജതജൂബിലി തുടങ്ങി നിരവധി വേദികളിൽ ഇവിടെ നിന്നുള്ളവർ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രഭാത യോഗത്തിൽ നവകേരള സദസിനു ആശംസകൾ നേർന്ന തത്തമ്മ, കലാകാരന്മാർക്ക് സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. ഇത് ലഭിക്കുമെന്ന പ്രതീക്ഷയും അവർ പിന്നീട് പങ്കുവച്ചു.