Asianet News MalayalamAsianet News Malayalam

National Strike : കേരളത്തിൽ ജനത്തെ വലച്ച് ദേശീയ പണിമുടക്ക്; വ്യാപാര, ​ഗതാ​ഗത മേഖല സ്തംഭനം

നഗരഗ്രാമ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുകയാണ് കേരളം. കടകൾ തുറന്നത് അടപ്പിക്കുന്നുണ്ട്, ജോലിയെടുക്കാൻ വന്നവരെ തിരിച്ചയക്കുന്നുണ്ട്.

nationwide protest complete in kerala
Author
Thiruvananthapuram, First Published Mar 28, 2022, 10:13 AM IST | Last Updated Mar 28, 2022, 11:04 AM IST

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ (Nationwide Protest)  വലഞ്ഞ് കേരളം. വ്യാപാര, ​ഗതാ​ഗതമേഖല സ്തംഭിച്ച അവസ്ഥയാണ്.  ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. നഗരഗ്രാമ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുകയാണ് കേരളം. കടകൾ തുറന്നത് അടപ്പിക്കുന്നുണ്ട്, ജോലിയെടുക്കാൻ വന്നവരെ തിരിച്ചയക്കുന്നുണ്ട്. എന്നാൽ മുംബൈയും ദില്ലിയും ബെംഗളൂരുവുമുൾപ്പെടെ രാജ്യത്തെ വൻ നഗരങ്ങളിലെല്ലാം ജനജീവിതം ഒരു തടസ്സവുമില്ലാതെ നീങ്ങുകയുമാണ്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പണിമുടക്ക് പൂർണമാണ്. കോട്ടയത്ത് കെഎസ്ആർടിസി ഒരു സർവീസും നടത്തുന്നില്ല. കടകളും തുറന്നില്ല. മെഡിക്കൽ കോളേജിൽ എത്തുന്നവരുടെ എണ്ണത്തിലും കുറവാണ്. വാഹനങ്ങൾ ഓടുന്നുണ്ട്. പത്തനംതിട്ടയിൽ നിരത്തുകളിൽ വാഹനങ്ങൾ ഇല്ല. കച്ചവട സ്ഥാപനങ്ങൾ തുറന്നിട്ടില്ല. കെഎസ്ആർടിസി ഒരു സർവീസും നടത്തുന്നില്ല. ഇടുക്കിയിലും കെ എസ് ആർ ടി സി സർവീസുകൾ ഒന്നും ഇല്ല. തോട്ടം തൊഴിലാളികളും പണിമുടക്കിലാണ്. കടകൾ ഒന്നും തുറന്നിട്ടില്ല. ഇരു ചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടുന്നത്.

കണ്ണൂരിലും പണിമുടക്ക് പൂർണമാണ്. സ്വകാര്യ ബസുകളും കെ എസ് ആർട്ടിസിയും സർവീസ് നടത്തുന്നില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. വയനാട് 6 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.  ക്ഷേത്ര ഉത്സവം കണക്കിലെടുത്ത് മാനന്തവാടി താലൂക്കിൽ ഇളവുകൾ നൽകിയിട്ടുണ്ട്.   വള്ളിയൂർകാവ് ക്ഷേത്ര ഉത്സവം കണക്കിലെടുത്താണ് ഇളവ് നൽകിയത്. ഇതിനിടെ കമ്പളക്കാട് ടൗണിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. പൊലീസെത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.  കാസർകോട് ദേശീയ പാതയിൽ സമരക്കാർ  വാഹനങ്ങൾ തടയുന്ന അവസ്ഥയുണ്ടായിരുന്നു. പൊലീസെത്തി ഗരാഗതം പുനസ്ഥാപിച്ചു. നഗരത്തിൽ പണിമുടക്ക് അനുകൂലികളുടെ  പ്രകടനം നടന്നു. 

മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന കടക്കു മുന്നിൽ സമരക്കാരുടെ പ്രതിഷേധം ഉണ്ടായി. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് പ്രതിഷേധം. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിലും പണിമുടക്ക് പൂർണ്ണമാണ്. അവശ്യ സർവ്വീസുമായി ബന്ധപ്പെട്ട കമ്പനികൾ മാത്രം ഭാഗികമായി പ്രവർത്തിക്കുന്നു. ഗേറ്റിന് മുന്നിൽ ജോലിക്കെത്തുന്നവരെ തിരിച്ചയക്കുന്നു. കഞ്ചിക്കോട് കിൻഫ്രയിൽ സിഐടിയു പ്രർത്തകർ തടഞ്ഞതുകൊണ്ട് ജോലിക്ക് കയറാൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BEMLൽ പണിമുടക്ക് നിരോധിച്ചു. പ്രതിരോധ സ്ഥാപനത്തിൽ പണിമുടക്ക് പാടില്ലെന്ന ഓഡിനൻസിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തൊഴിലാളികൾ കഞ്ചിക്കോട് കമ്പനിക്ക് മുന്നിൽ ധർണ്ണയിരിക്കുകയാണ്. 

എറണാകുളം ജില്ലയിലെ പള്ളിക്കര ടൗണിൽ കടകൾ തുറന്നു തുടങ്ങി. കഴിഞ്ഞ 5 വർഷമായി എല്ലാ പണിമുടക്ക് ദിവസങ്ങളിലും ഇവിടുത്തെ വ്യാപാരികൾ കടകൾ തുറക്കുന്നുണ്ട്. 2020-ൽ സമരാനുകൂലികൾ അക്രമം അഴിച്ചുവിട്ടതിനെ തുടന്ന് ഇത്തവണ ഹൈക്കോടതി വഴി പൊലീസ് സംരക്ഷണം നേടിയാണ് കടകൾ തുറക്കുന്നത്.  BPCL ൽ ജോലിക്കെത്തുന്നവരെ സമരക്കാർ തടഞ്ഞു. ഐഎൻടിയുസി, സിഐടിയു തൊഴിലാളികൾ സംയുക്തമായാണ് തടഞ്ഞത്. ഇവരെ പിന്നീട് പൊലീസ് സംരക്ഷണയിൽ അകത്തേക്ക് കയറ്റി വിട്ടു. സമരാനുകൂലികൾ പണി മുടക്കുന്നുണ്ട്. ടൂറിസം മേഖലയിൽ പണിമുടക്കില്ല എന്ന് പറഞ്ഞിട്ടും, ആലപ്പുഴയിൽ തൊഴിലാളി യൂണിയനുകൾ ജോലിക്കാരെ നിർബന്ധിച്ച് സമരത്തിനിറക്കി.   തിരുവന്തപുരത്ത് ടെക്നോപാർക്കിൻ്റെ പ്രവർത്തനം സാധാരണ നിലയിലാണ്. ജീവനക്കാരെ കോൺവോയ് അടിസ്ഥാനത്തിൽ വാഹനങ്ങളിലെത്തിച്ചു. വി എസ് എസ് സിയെയും സമരം ബാധിച്ചിട്ടില്ല. 

അതേസമയം, തിരുവനന്തപുരം പ്രാവച്ചമ്പലം ജംഗ്ഷനിൽ സ്വകാര്യ വാഹനങ്ങൾ തടയുന്ന സ്ഥിതിയുണ്ട്. കൊച്ചി പള്ളിക്കരയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ സമരക്കാരുടെ കൈയേറ്റ ശ്രമം ഉണ്ടായി. സമരക്കാരുടെ പ്രകടനത്തിനിടെ ആയിരുന്നു ഇത്. മലപ്പുറം മഞ്ചേരിയിൽ സമരാനുകൂലികൾ  വാഹനങ്ങൾ തടഞ്ഞു . കാഞ്ഞങ്ങാട് സമര അനുകൂലികൾ പതിമൂന്നോളം ട്രക്കുകൾ തടഞ്ഞിട്ടു.

സംസ്ഥാനത്തെ മൽസ്യ മേഖലയെ ഇന്നത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഡീസൽ വില വർധന ഉൾപ്പെടെ ഉള്ള ആവശ്യങ്ങൾ ഉയർത്തി കഴിഞ്ഞയാഴ്ച മൽസ്യ തൊഴിലാളികൾ രണ്ടു ദിവസം പണിമുടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൽസ്യ മേഖലയിൽ ഇന്നത്തെ പണിമുടക്ക് ശക്തമായി നടപ്പാക്കേണ്ടതില്ലെന്ന് തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചത്. 

കേരളത്തിന് പുറത്ത് സ്ഥിതി എങ്ങനെ?  

സംസ്ഥാനത്തിന് പുറത്ത് പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടില്ല. പൊതുപണിമുടക്ക് ചെന്നൈ നഗരത്തെ ബാധിച്ചിട്ടില്ല. രാവിലെ നഗരത്തിൽ ജനത്തിരക്കുണ്ട്. ഓട്ടോ, ടാക്സിസർവീസുകളും പതിവുപോലെ തുടരുന്നു. സംസ്ഥാനത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തൊഴിലാളികൾസമരത്തിൽ പങ്കെടുക്കുന്നുണ്ട്. തമിഴ്നാട്ടിലെ 67 ശതമാനം ട്രാൻസ്പോർട്ട് ബസ് സർവീസുകൾ മുടങ്ങി. മെഡിക്കൽ ആവശ്യങ്ങൾക്കല്ലാത്ത അവധികൾ ഇന്നും നാളെയും അനുവദിക്കില്ലെന്ന് സംസ്ഥാനസർക്കാർനേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും നാളെയും ജോലിക്കെത്താത്തവർക്ക് ശമ്പളം നഷ്ടമാകുമെന്ന് ചീഫ്സെക്രട്ടറി വകുപ്പ് മേധാവികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. അതേ സമയം ഭരണകക്ഷിയായ ഡിഎംകെഅനുകൂല ട്രേഡ് യൂണിയനായ ലേബർ പ്രോഗ്രസീവ് ഫെഡറേഷനടക്കം സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ കൂട്ടമായി ജീവനക്കാർ പ്രത്യക്ഷസമരത്തിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. എന്നാൽ ബാങ്കിംഗ് മേഖലയെപണിമുടക്ക് ബാധിക്കാനാണ് സാധ്യത.

ദില്ലി കേരളഹൗസിലും ജീവനക്കാർ പണിമുടക്കുന്നുണ്ട്. അത്യാവശ്യ വിഭാഗങ്ങളിലെ ജീവനക്കാർ മാത്രമേ ജോലിക്കെത്തിയുള്ളു. കോൺഗ്രസ് എൻജിഒ അസോ. പ്രതിഷേധം വൈകാതെ തുടങ്ങും. 

ഒഡിഷയിലും പ്രതിഷേധം ഉണ്ട്. സമരക്കാർ ഭുവനേശ്വറിൽ വാഹനങ്ങൾ തടയുന്നു. സംയുക്ത തൊഴിലാളി സംഘടനകൾ  പ്രതിഷേധ പ്രകടനം നടത്തുന്നു. കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. കർണാടകയിൽ പത്താംക്ലാസ് പരീക്ഷ അടക്കം മാറ്റമില്ലാതെ നടക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios