രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ മുൻ അധ്യക്ഷ രേഖാ ശര്‍മ്മ

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷയില്ലെന്നും രേഖാ ശര്‍മ്മ

National Women Commission ex chairperson wants Ranjith removed from filim academy chairman 

ദില്ലി: നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്തിനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ശ്രീലേഖ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷയില്ലെന്നും രേഖാ ശര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ലൈംഗികാരോപണമുയർന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകെ ഉയരുന്നത്. രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. നടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയപരമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ നിന്നടക്കം വിമർശനം ഉയരുന്നതിന് പിന്നാലെയാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം.

ബംഗാളി നടി ശ്രീലേഖ മിത്ര ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. പാലേരി മാണിക്കം സിനിമയിൽ അഭിനയിക്കാനായി വിളിച്ച് വരുത്തിയ രഞ്ജിത് മോശമായി പെരുമാറിയെന്നാണ് നടി തുറന്നു പറഞ്ഞത്. എന്നാൽ ആരോപണ വിധേയനായ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴും സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ പിന്തുണക്കുമ്പോഴും ഇടതുകേന്ദ്രങ്ങളില്‍ നിന്നടക്കം രഞ്ജിത്തിന്റെ രാജിക്കായി കടുത്ത സമ്മർദ്ദമാണ് ഉയരുന്നത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സി പി ഐ നേതാവ് ആനി രാജയും എ ഐ വൈ എഫും ആവശ്യപ്പെട്ടു. ബംഗാളി നടിയുടെ ആരോപണം കേരളത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തിന്‍റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നുമാണ് ആനി രാജയുടെ പക്ഷം.

'രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ശ്രീലേഖ അന്ന് പറഞ്ഞിരുന്നു', സ്ഥിരീകരിച്ച് ജോഷി ജോസഫ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios