കൊല്ലത്ത് നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് എൻടിഎ
പരീക്ഷ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്‍റർ നീരീക്ഷകർ എൻ ടി എക്ക് റിപ്പോർട്ട് നൽകി. എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണം.
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്‍റർ നീരീക്ഷകർ എൻ ടി എക്ക് റിപ്പോർട്ട് നൽകി. എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണം. ആരോപണം ഉയർന്ന തലത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും എൻ ടി എ പ്രതികരിച്ചു.
അതേസമയം, സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പരാതിപ്പെടുന്നു. എന്നാല്‍, താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ – ഓർഡിനേറ്റർ എൻ ജെ ബാബു പറയുന്നത്. വിവാദം നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ - ഓർഡിനേറ്റർ അറിയിച്ചു.
Also Read: വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു
സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി വൈ എസ് പി പറഞ്ഞു. അതേസമയം, പാർലമെന്‍റിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിഷയം ലോകസഭയിൽ ഉന്നയിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. വിദ്യാർത്ഥിയോട് പരീക്ഷാ നടത്തിപ്പുകാർ സ്വീകരിച്ച സമീപനം ധിക്കാരവും മനുഷ്യത്വ വിരുദ്ധവും ആണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നേരത്തെയും ഇത്തരം സംഭവങ്ങളിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Also Read: വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു പരിശോധിച്ച സംഭവം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു