അളവ് തെറ്റിച്ച് ദേശീയ പതാക, ഇടുക്കിയിൽ വിവാദം; ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി
30 ലക്ഷത്തോളം രൂപയുടെ പതാകയാണ് നിർമാണത്തിലെ അപാകത മൂലം പാഴായത്. സംഭവത്തിൽ ഇടുക്കി ജില്ല കളക്ടർ റിപ്പോർട്ട് തേടി.
ഇടുക്കി: എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്താൻ ഇടുക്കിയിൽ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള ദേശീയ പതാകകൾ. തെറ്റ് കണ്ടെത്തിയതിനെ തുടന്ന് ഒരു ലക്ഷത്തിലധികം ദേശീയ പതാകകൾ കുടുംബശ്രീ തിരികെ വാങ്ങി. 30 ലക്ഷത്തോളം രൂപയുടെ പതാകയാണ് നിർമാണത്തിലെ അപാകത മൂലം പാഴായത്. സംഭവത്തിൽ ഇടുക്കി ജില്ല കളക്ടർ റിപ്പോർട്ട് തേടി.
ദേശീയ പതാകയുടെ അളവിലും അശോക ചക്രത്തിന്‍റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതോടെയാണ് പതാകകള്‍ പാഴായത്. ദീർഘ ചതുര ആകൃതിയിൽ ആയിരിക്കണം ദേശീയ പതാക, ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3 :2 ആയിരിക്കണം എന്നെല്ലാമുള്ള നിബന്ധന പാടെ അവഗണിച്ചാണ് ഇടുക്കിയിൽ കുടുംബശ്രീ ദേശീയ പതാകകൾ തയ്യാറാക്കിയത്. നിർമ്മിക്കാൻ ഏൽപ്പിച്ച 20 യൂണിറ്റുകളിൽ 18 എണ്ണത്തിലും അപാകതകൾ കണ്ടെത്തി.
Also Read: 'ഹർ ഘർ തിരംഗ' നാളെ മുതൽ; 20 കോടിയിലധികം വീടുകളിൽ ത്രിവർണ പതാക പാറും
തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴിയും സ്ക്കൂളുകളിലും വിതരണം ചെയ്യാൻ രണ്ട് ലക്ഷത്തിലധികം പതാകകൾക്കാണ് ഓർഡർ ലഭിച്ചത്. ഇത് തയ്യാറാക്കാൻ കുടംബശ്രീ യൂണിറ്റുകളെ ഏൽപ്പിച്ചു. ആദ്യഘട്ടമായി ഒരു ലക്ഷത്തി ഇരുപതിനായിരം പതാകകൾ എത്തിച്ചു. കളക്ടറേറ്റിൽ വിതരണ ഉദ്ഘാടനവും നടത്തി. ഇത് കഴിഞ്ഞപ്പോഴാണ് അളവിലെ വ്യത്യാസം കണ്ടെത്തിയത്. ഓരോ നിറത്തിനും ഓരോ വലിപ്പം. മുറിച്ചതിലും അപാകത. തുന്നലുകളും കൃത്യമല്ല.
30 രൂപ ഈടാക്കിയാണ് പതാകക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി ഓർഡർ ശേഖരിച്ചത്. വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകൾ തിരികെ വാങ്ങിയതിനൊപ്പം പണവും തിരികെ നൽകി. ഇനി രണ്ട് ദിവസം കൊണ്ട് എവിടെ നിന്ന് ദേശീയ പതാക കണ്ടെത്തുമെന്നറിയാതെ വിഷമത്തിലായിരിക്കുകയാണ് ഓർഡർ നൽകിയവർ.